CINEMA

പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാഗ്യരാജിന്റെ മരണം തമിഴ് സിനിമാമേഖലയിലും ആരാധകർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. മക്കൾ അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ്.

ഇക്കഴിഞ്ഞ ദിവസങ്ങളിലും വളരെ സജീവമായിരുന്നു അദ്ദേഹം. ഇന്നലെ ഗോവയിൽ വച്ച് നടന്ന നടി ഖുഷ്‌ബു സുന്ദറിന്റെ മകളുടെ വിവാഹത്തിലും ഭാഗ്യരാജ് പങ്കെടുത്തിരുന്നു. മുന്ദാനൈ മുടിച്ചു, അന്ത ഏഴ് നാട്‌കൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് തുടങ്ങി നിരവധി പ്രശസ്‌ത ചിത്രങ്ങൾ സംവിധാനം ചെയ്‌ത് ഭാഗ്യരാജ് നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുമുണ്ട്.

1953 ജനുവരി ഏഴിന് ഗോപിചെട്ടിപാളയത്തിനടുത്ത് ജനിച്ച ഭാഗ്യരാജ് 1977ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ട് വർഷത്തിന് ശേഷം അദ്ദേഹം സംവിധായകനായി. പിന്നീടുള്ള അഞ്ച് പതിറ്റാണ്ടിൽ നിർമാണം, തിരക്കഥ, ഗാനരചന, അഭിനയം തുടങ്ങി സിനിമയിലെ ഒട്ടുമിക്ക മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാഗ്യരാജിന്റെ നിരവധി സിനിമകൾ തെലുങ്കിലേക്കും ഹിന്ദിയിലേക്കും പുനർനിർമിക്കപ്പെട്ടു. നിരവധി നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

2025ൽ പുറത്തിറങ്ങിയ ധനുഷിന്റെ കുബേര എന്ന ചിത്രത്തിലാണ് കെ ഭാഗ്യരാജ് അവസാനമായി അഭിനയിച്ചത്. 2026 ജനുവരിയിൽ നടന്ന ഒരു ചടങ്ങിൽ താൻ വീണ്ടും സിനിമ സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു.


Source link

Back to top button