കാൻസർ തന്നത് നഷ്ടങ്ങളല്ല, നേട്ടങ്ങൾ മാത്രം; കരഞ്ഞത് വെറും അഞ്ചുമിനിട്ട്…ഒരു ഗായികയുടെ പൊള്ളുന്ന അനുഭവങ്ങളിലൂടെ

ശരീരത്തിൽ പിടിമുറുക്കിയ അർബുദത്തെ പാടിത്തോൽപ്പിച്ച് അവനി ജീവിതം തിരികെപ്പിടിച്ചു. കാൻസറിനെ ജീവിതത്തിലെ നേട്ടമാക്കി മാറ്റിയ കലാകാരി… പാട്ടിനെ കൂട്ടുപിടിച്ച് കാൻസറിനെ അതിന്റെ പാട്ടിനുവിട്ട അനവിക്ക് നാട്ടുകാർ തങ്ങളുടെ സ്നേഹവും ബഹുമാനവും കരുതലും എല്ലാം ചേർത്ത് ഒരു പേരും കല്പിച്ചുകൊടുത്തു-വെഞ്ഞാറമൂടിന്റെ വാനമ്പാടി. സംഗീത സപര്യകൾ ഒന്നൊന്നായി കീഴടക്കി അവൾ ആ പേരിനോട് പൂർണമായി നീതികാട്ടി. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി വിജയിച്ചുകയറിയ അവനി ഇപ്പോൾ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളേജിൽ നിന്ന് ബിപിഎ കോഴ്സിൽ കേരള യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കും നേടി. കാൻസറിനോട് കടക്ക് പുറത്ത് പറഞ്ഞുകൊണ്ടുള്ള തന്റെ ജീവിതത്തെക്കുറിച്ച് കേരളകൗമുദി ഓൺലൈനോട് തുറന്നുപറയുകയാണ് അവനി.
എനിക്ക് കാൻസറുണ്ടായിരുന്നു
കാൻസർ എന്നുകേൾക്കുമ്പോൾത്തന്നെ ഭൂരിപക്ഷത്തിനും പേടിയാണ്. എന്നാൽ എനിക്ക് കാൻസറുണ്ടായിരുന്നു എന്ന് എവിടെയും ആരോടും പറയുന്നതിൽ ഒരു വിഷമവും ഇല്ല. അനുകമ്പ പിടിച്ചുപറ്റാനല്ല. എന്റെ അനുഭവങ്ങളും ജീവിതത്തിലേക്കുളള തിരിച്ചുവരവും ഒരാൾക്കെങ്കിലും പ്രചാേദനമാവണമെന്ന ആഗ്രഹം കാെണ്ടാണത്. ‘മകളേ, കാൻസറിന്റെ പിടിയിലായ ഞാൻ ആത്മഹത്യചെയ്യാനുറച്ച് കഴുത്തിൽ കുരുക്കിടാൻ കയറിന്റെ താഴെ നിൽക്കുമ്പോഴാണ് നിന്റെ അനുഭവങ്ങൾ കേട്ടത്. ഇപ്പോൾ ഞാനും പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുയാണ്’ എന്ന് ഒരാൾ എഴുതിയ കത്തുകിട്ടിയപ്പോൾ തോന്നിയ സന്തോഷം ജീവിതത്തിൽ മറ്റൊരിക്കലും തോന്നിയിട്ടില്ല.
ആദ്യം സന്തോഷം, പക്ഷേ…
ചെറുതിലേ പാട്ടിനോട് വലിയ താൽപ്പര്യമായിരുന്നു. കുഞ്ഞുക്ലാസിൽ പഠിക്കുമ്പോൾ അമ്മ അതിരാവിലെ എഴുന്നേൽപ്പിച്ച് അടുക്കളയിൽ കൊണ്ടിരുത്തി പാട്ടുകളും കവിതകളും ഒക്കെ ചൊല്ലിത്തരുമായിരുന്നു. സുഖമായി ഉറങ്ങേണ്ട സമയത്ത് വിളിച്ചുണർത്തി പാടിക്കുന്നതിന്റെ ദേഷ്യം അമ്മയോടുണ്ടായിരുന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോഴാണ് അന്ന് അമ്മ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മനസിലായത്.
എട്ടാംക്ളാസിൽ പഠിക്കുമ്പോൾ പ്രശസ്തമായ ഒരു ചാനലിലെ മ്യൂസിക്ക് റിയാലിറ്റി ഷോയിലെ ഓഡിഷനിൽ വിജയിച്ചു. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ചെറിയ ചുമ, ശ്വാസം മുട്ടൽ. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോൾ ജലദോഷത്തിനുള്ള ഗുളികതന്ന് വീട്ടിൽ വിട്ടു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈഷമ്യങ്ങൾ കൂടിവന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കാൻസർ ആണെന്ന് വ്യക്തമായത്. ലിംഫോബ്‌ളാസ്റ്റിക് ലിംഫോമ. ഇത്തിരി വെയിറ്റുളള പേരാണ്. പക്ഷേ രോഗം എന്താണെന്ന് എനിക്ക് മനസിലായില്ല.
അച്ഛനും അമ്മയും രോഗത്തെക്കുറിച്ചറിഞ്ഞ് ആകെ തകർന്നുപോയി. പനിവന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ സങ്കടം വരുന്നത് സ്വാഭാവികം. അത്രയേ ഞാനും കരുതിയുള്ളൂ.
അഞ്ചുമിനിട്ടുമാത്രം കരഞ്ഞു
കീമോ തെറാപ്പിക്കായി കൊണ്ടുപോയപ്പോഴാണ് എനിക്ക് കാൻസറാണെന്ന് ഞാൻ അറിഞ്ഞത്. വാർഡിന് മുന്നിലെ ചെറിയ ബോർഡിൽ കീമോ വാർഡ് എന്നെഴുതിരിക്കുന്നു. ആ രോഗം എനിക്കും… ഒരുനിമിഷം അന്തിച്ചുപോയി. കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ കരഞ്ഞത് അഞ്ചുമിനിട്ടുമാത്രം. രോഗത്തിന്റെ പേരിൽ കരയില്ലെന്നും രോഗത്തെ തോൽപ്പിക്കുമെന്നും ഉറപ്പിച്ചു. ദൈവമാണ് അങ്ങനെ തീരുമാനമെടുക്കാനുള്ള കഴിവ് ആ കുഞ്ഞുപ്രായത്തിൽ തന്നത്.
കാൻസറിനെക്കാൾ വേദനയാണ് അതിനുള്ള മരുന്നുകൾ സമ്മാനിക്കുന്നത്. ഞാൻ കിടന്നതിന് തൊട്ടടുത്ത് കീമോയ്ക്കായി കിടത്തിയിരുന്നത് ആറുമാസം മാത്രം പ്രായമുളള ഒരു കുഞ്ഞിനെയായിരുന്നു. എനിക്ക് വേദനവരുമ്പോൾ ഡോക്ടറോടുപറയാം. പക്ഷേ ആ കുഞ്ഞ് എന്തുചെയ്യും. അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ എന്റെ രോഗം എത്ര നിസാരമാണെന്ന് തോന്നി. വെറും സാധാരണ പനിപോലെ ഞാൻ കാൻസറിനെ കണ്ടു. ഒടുവിൽ അങ്ങനെതന്നെ അവൻ എന്നിൽ നിന്ന് പോയി
ഡോക്ടറങ്കിൾ
ബോബൻ താേമസ് എന്ന ഡോക്ടറാണ് ഇപ്പോഴത്തെ അവനിയെ സമ്മാനിച്ചത്. കീമോ കഴിഞ്ഞ് വേദനസഹിക്കാനാകാതെ വരുമ്പോഴും ഞാൻ ഡോക്ടറോട് ചോദിച്ചത് എനിക്ക് പഴതുപോലെ പാടാൻ പറ്റുമോ എന്നുമാത്രമാണ്. അവനി എങ്ങനെയായിരുന്നോ അതുപോലെ ആകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകൾ തന്നെ ഉൾക്കരുത്ത് ചെറുതല്ല. എന്നും രാവിലെ പാട്ടുപാടിനോക്കും. അതികഠിന വേദനയും ശ്വാസം കിട്ടാനുള്ള പ്രശ്നവുംമൂലം ചിലപ്പോൾ ശബ്ദംപോലും പുറത്തുവന്നില്ല. എങ്കിലും പാടിക്കൊണ്ടിരുന്നു. ഒടുവിൽ അങ്ങനെ പാടിത്തന്നെ കാൻസറിനെ അതിന്റെ പാട്ടിനുവിട്ടു.
രോഗത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഡോക്ടറുടെ അനുമതിയോടെ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ പത്രങ്ങളിൽ പടം വരും. അങ്ങനെ ആൾക്കാർ എന്നെകാണും. സമ്മാനം കിട്ടണമെന്ന ആഗ്രഹത്തിന് കാരണം ഇതായിരുന്നു. എന്നാൽ കാഞ്ഞങ്ങാട് യുവജനോത്സവത്തിൽ പങ്കെടുക്കുമ്പോൾ കേരളകൗമുദി ഉൾപ്പെടെ എല്ലാ പ്രമുഖ മലയാള പത്രങ്ങളുടെ മുൻപേജിൽ ഞാൻ മാത്രമായിരുന്നു. മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ് നേടുകയും ചെയ്തു.
സംഗീതം വഴങ്ങി, പക്ഷേ പഠിത്തം
കാൻസർ വരുന്നതിനുമുമ്പ് നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു. ചികിത്സ തുടങ്ങിയശേഷം സ്കൂളിൽ പോകാനേ പറ്റിയില്ല. പത്താംക്ലാസിലെ പരീക്ഷയ്ക്ക് പഠിച്ചുതുടങ്ങിയപ്പോൾ ഒന്നും തലയിൽ കയറുന്നില്ല. കാൻസറിന്റെ വേദനയെക്കാർ മനസിനെ പിടിച്ചുലച്ചത് ഇതായിരുന്നു. ഏഴാം ക്ലാസ് വരെ ഞാൻ ക്ലാസ് ഫസ്റ്റ് ആയിരുന്നു. പണ്ടെല്ലാം ഒരു പുസ്തകം എടുത്തു വായിച്ചാൽഅപ്പോൾത്തന്നെ മനസിലാകും. എല്ലാം ഓർമയിൽ നിൽക്കും. പക്ഷേ ഇപ്പോൾ എത്ര വായിച്ചാലും ഒന്നും ഓർമയിൽ നിൽക്കുന്നില്ല.
അപ്പോഴാണ് അമ്മ എന്നെ സഹായിച്ചത്. മോൾ ഫുൾ എ പ്ലസ് വാങ്ങിച്ച ശേഷം വേണം അമ്മയ്ക്ക് ഷൈൻ ചെയ്യാൻ എന്ന് അമ്മ തമാശയായി പറഞ്ഞതാണെങ്കിലും അതെനിക്കൊരു മോട്ടിവേഷൻ ആയി.ഒപ്പം അച്ഛനും സ്കൂളിലെയും നേരത്തേ പഠിച്ചിരുന്ന ട്യൂട്ടോറിയലിലെയും അദ്ധ്യാപകരും തന്ന ബലവും വളരെ വലുതായിരുന്നു. അവരുടെയെല്ലാം ആഗ്രഹംപോലെ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയാണ് വിജയിച്ചത്. പ്ലസ്ടുവിലും മികച്ച വിജയം തന്നെനേടി. ഇതിനിടെ പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനും വിജയിക്കാനും കഴിഞ്ഞു. എന്റെ മേഖല സംഗീതമാണ്. അതിൽ കഴിയുന്നത്ര മുന്നേറണം. അതുമാത്രമാണ് ഇപ്പോഴത്തെ ചിന്ത. മ്യൂസിക്കിൽ എം എയ്ക്ക് പ്രവേശനം കാത്തിരിക്കുകയാണ് .
പറയാനുള്ളത്
കാൻസർ ഒന്നിന്റെയും അവസാനമല്ല. മറ്റുള്ളവയെപ്പോലെ ചികിത്സിച്ചാൽ മാറുന്ന ഒരു രോഗം. അതിനെ പേടിക്കാതെ ചിരിച്ചുകൊണ്ട് കീഴ്‌പ്പെടുത്തുക. ധൈര്യത്തോടെ മനസ് പതറാതെ മുന്നോട്ടുപോവുക. വെഞ്ഞാറമൂട്ടിലെ പച്ചക്കറി വ്യാപാരിയായ അച്ഛൻ ശിവപ്രസാദും അമ്മ സതിജയും സഹോദരി ആത്മവേദയും എപ്പോഴും എനിക്കൊപ്പമുണ്ട്. അത് ധൈര്യം കൂട്ടുന്നു.
ഇമ്മിണി വല്യ സന്തോഷം
എന്റെ അനുഭവങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു ആത്മകഥ പുറത്തിറക്കുന്നതിന്റെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ അവനി. ഉടൻതന്നെ അത് പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source link
NEWS


