NEWS
തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫിന്റെ അവിശ്വാസ നീക്കം; സീറ്റ് 50:50; നിർണായകമായി സ്വതന്ത്രൻ

തിരുവനന്തപുരം∙ സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങി മറിയുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ഇന്നു വൈകിട്ട് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കും. കൗണ്‍സില്‍ യോഗം വിളിക്കാന്‍ പോലും ബിജെപി നിയന്ത്രിക്കുന്ന ഭരണസംവിധാനം തയാറാകുന്നില്ലെന്നും ഭരണപരമായ ഒരു കാര്യങ്ങളും നടക്കുന്നില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യുഡിഎഫിന് ഒറ്റയ്ക്കില്ലാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് ഇതുമായി സഹകരിക്കുമോ എന്നാണ് അറിയേണ്ടത്. 101 അംഗ കോര്‍പറേഷനില്‍ 50 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരിക്കുന്നത്. യുഡിഎഫിന് 20 സീറ്റും എല്‍ഡിഎഫിന് 29 സീറ്റും. യുഡിഎഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. 29നാണ് കൗണ്‍സില്‍ യോഗം. ബിജെപി കൗണ്‍സിലര്‍ ആര്.സുഗതന് കാപ്പ കേസില്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോര്‍ത്താല്‍ 50 പേര് ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും.
Source link


