NEWS
അന്ന് എൽഡിഎഫ് പറഞ്ഞു: വീര്യംകുറഞ്ഞ മദ്യം വിദ്യാർഥികളെ ബാധിക്കില്ല; ഇന്ന് കുട്ടികൾക്ക് അപകടം

തിരുവനന്തപുരം∙ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്കു വരുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണു എൽഡിഎഫ് സർക്കാർ അതിന് നികുതി നിശ്ചയിക്കാതിരുന്നതെന്നാണ് കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എന്നാൽ, വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലാത്തതാണെന്ന നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ കുറിപ്പ് അംഗീകരിച്ചാണ് ആ വിഭാഗത്തിലുള്ള മദ്യം വിൽക്കാൻ മന്ത്രിയായിരിക്കെ ഗോവിന്ദൻ അനുമതി നൽകിയത്. 2021 നവംബർ 16ന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി എഴുതിയ കുറിപ്പ് ഇങ്ങനെ: ‘വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന ബവ്റിജസ് കോർപറേഷൻ മുഖേനയായതിനാൽ നിശ്ചിത പ്രായപരിധിക്കു മുകളിലുള്ളവർക്കു മാത്രമേ അതു ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്താവുന്നതാണ്.ആയതിനാൽ, ഇത്തരം മദ്യം ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമോയെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണ്. വീര്യമുള്ള മദ്യം പോലെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും കാണുന്നില്ല. ടൂറിസം, ഐടി മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സഹായകരമാണ്’. ബക്കാഡി ഇടപാടിൽ സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിന്റെ രേഖകൾ ഇന്നലെ പുറത്തുവന്നിരുന്നു. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകി പിണറായി സർക്കാരിന്റെ കാലത്ത് ഭരണതലത്തിൽ നടത്തിയ ഫയൽനീക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
Source link


