BUSINESS
പാറ പോലെ താഴെയ്ക്ക്; ‘റോക്കറ്റ്- തൂവല്‍ കെണി’യില്‍ ട്രംപ്, കുരുക്ക് മുറുകുമോ?

Donald Trump: റോക്കറ്റുകള്‍ക്കും, തൂവലുകള്‍ക്കും ഇടയില്‍ കുരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും, വിപണിയിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ഒത്തുപോകാതെ വന്നതാണ് അദ്ദേഹത്തെ കുരുക്കുന്നത്. രാഷ്ട്രീയ- സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ട്രംപ് വലിയൊരു രാഷ്ട്രീയ കെണിയിലാണ്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില താഴാത്തത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ട്രംപ് നേരിടുന്ന ഒരു വലിയ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ഇന്ന് ഈ ലേഖനം പ്രതിപാദിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ ‘റോക്കറ്റ്‌സ് ആന്‍ഡ് ഫെദേഴ്‌സ്’ (Rockets and Feathers) എന്ന പ്രതിഭാസവും, ആഗോള എണ്ണവിപണിയും തമ്മിലുള്ള സങ്കീര്‍ണ്ണതകളാണ് ചര്‍ച്ചയാകുന്നത്. എന്താണ് ശരിക്കും പ്രശ്‌നംഇറാനുമായി യുഎസ് താല്‍ക്കാലിക സമാധാന കരാറില്‍ എത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ രാജ്യത്തെ (യുഎസ്) ഇന്ധനവില ‘പാറപോലെ താഴേക്ക് പതിക്കും’ (fall like a rock) എന്ന് ട്രംപ് നേരത്തേ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.ഇറാനുമായി ധാരണയായതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ കൂപ്പുകുത്തി. എന്നാല്‍ അമേരിക്കയിലെ സാധാരണ ജനങ്ങള്‍ വാങ്ങുന്ന പെട്രോള്‍, ഡീസല്‍ വില ഇതിന് ആനുപാതികമായി കുറഞ്ഞില്ല. ഇതോടെ ജനങ്ങള്‍ക്കു മുന്നിലും ട്രംപ് അപഹാസ്യനാകുകയാണ്. എന്താണ് ‘റോക്കറ്റ്‌സ് ആന്‍ഡ് ഫെദേഴ്‌സ്’ പ്രതിഭാസം?സാമ്പത്തിക വിദഗ്ധര്‍ ഇന്ധനവിലയിലെ വ്യതിയാനങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ടേം ആണിത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഇന്ധനവില റോക്കറ്റ് പോലെ കുതിക്കും. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഇന്ധനവില ഒരു ‘തൂവല്‍’ (Feather) കണക്കേ വളരെ പതിയേ താഴേയ്ക്ക് പോരൂവെന്ന് ഇവര്‍ പറയുന്നു.റീട്ടെയില്‍ വില പെട്ടെന്ന് കുറയാത്തതിന്റെ കാരണവും ഇതേ വിദഗ്ധര്‍ വിശദീകരിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിപണിയില്‍ എത്തുന്ന ഇന്ധനം ആഴ്ചകള്‍ക്ക് മുമ്പ് ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ശുദ്ധീകരിക്കപ്പെട്ടതാണ്. അതിനാല്‍ കമ്പനികള്‍ക്ക് പെട്ടെന്ന് വില കുറയ്ക്കാന്‍ സാധിക്കില്ല. റിഫൈനിംഗ് ചെലവ്, ഗതാഗത ചെലവ്, ഭാവിയിലെ വില വ്യതിയാനങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവയും പെട്ടെന്നുള്ള വിലക്കുറവിന് തടസമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. രാഷ്ട്രീയത്തില്‍ കുരുങ്ങി ട്രംപ് ഇറാനെ മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടക്കാമെന്ന വിലയിരുത്തലിലാണ് യുഎസ് ഇസ്രായേലിനൊപ്പം ആക്രമിച്ചത്. എന്നാല്‍ ഇറാന്‍ തീര്‍ത്ത പ്രതിരോധത്തില്‍ ട്രംപ് ഞെട്ടി. മൂന്നു മാസത്തിലേറെ യുദ്ധം നീണ്ടപ്പോള്‍ ആരും ഇതുവരെ പ്രയോഗിക്കാത്ത ചില നിയമങ്ങളുടെ പിന്നിലായിരുന്നു ട്രംപ് അഭയം തേടിയത്. ഒടുവില്‍ യുഎസിന്റെ ഇരുസഭകളിലും ട്രംപ് തോല്‍വി അറിഞ്ഞു. ഇറാനില്‍ ജയിച്ചു കയറി വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ട്രംപിന്റെ വിലയിരുത്തല്‍. ഇന്ധനവില കുറച്ച് ജനങ്ങളുടെ പ്രീതി നേടാമെന്നതും തന്ത്രമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിലയ്ക്ക് വന്നില്ല. ഈ കെണിയില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാനും, ജനരോഷം തണുപ്പിക്കാനുമുള്ള ശ്രമത്തിലാണ് ട്രംപ്. വന്‍കിട എണ്ണക്കമ്പനികള്‍ മനഃപൂര്‍വം വില കുറയ്ക്കാതെ അമിതലാഭം കൊയ്യുകയാണെന്ന് ആരോപിച്ച് യുഎസ് നീതിന്യായ വകുപ്പിനെക്കൊണ്ട് കമ്പനികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്. കമ്പനികള്‍ തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന് പ്രതികരിക്കാത്തതാണ് ഇപ്പോള്‍ ട്രംപിനെ പ്രതിരോധത്തിലാക്കുന്നത്.
Source link


