ഫോർമാലിൻ പുരട്ടിയ മീനുകൾ വ്യാപകം, എങ്ങനെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

കോട്ടയം : ട്രോളിംഗ് നിരോധനത്തിന്റെ മറവിൽ ജില്ലയിലേക്ക് ശീതീകരിച്ച കണ്ടെയ്‌നറിൽ പഴകിയ മത്സ്യം വ്യാപകമായി എത്തുന്നു. ചെക്ക് പോസ്റ്റുകളിൽ പരിശോധന ഇല്ലാത്തതിനാൽ ഇവ നേരേ ഹോട്ടലുകളിലും, കോൾഡ് സ്റ്റോറേജുകളിലും എത്തുന്നത് ആരോഗ്യപ്രശ്നത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. തമിഴ് നാട്ടിലും, കർണാടകയിലും, ആഡ്രയിലും ഇപ്പോൾ ട്രോളിംഗില്ല. ഫിഷിംഗ് ബോട്ടിലെ ഫ്രീസറിൽ തുടങ്ങി കണ്ടെയ്‌നറിൽ കേരളത്തിലെത്തുമ്പോൾ ആഴ്ചകളെടുക്കും. മീൻ അഴുകാതിരിക്കാൻ ഫോർമാലിൻ, അമോണിയ അടക്കം രാസവസ്തുക്കൾ ചേർക്കും. ട്രോളിംഗ് കാലത്ത് നിയന്ത്രിതമായി മീൻ വിപണിയിൽ എത്തിച്ച് കൃത്രിമക്ഷാമത്തിലൂടെ വില ഉയർത്തി വിൽക്കാനുള്ള സമ്മർദ്ദവുംഅന്യ സംസ്ഥാന മീൻ ലോബി നടത്തുന്നു. ആഴക്കടലിൽ മത്സ്യബന്ധനത്തിന് നിരോധനമായതിനാൽ മത്തി, അയല, ഉഴുവ, കിളി തുടങ്ങിയ ചെറുമീനുകളാണ് കൂടുതൽ ലഭിക്കുന്നത്. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വലിയ മീനുകൾ സുലഭമാണ്. ഇതിന് ഉയർന്ന വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
ഗുരുതര ആരോഗ്യപ്രശ്നം
മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ മനുഷ്യന്റെ ആന്തരികാവയങ്ങളെ തളർത്തും. ക്യാൻസറിനും ദഹന പ്രശ്നങ്ങൾക്കും ശ്വാസകോശ , ആമാശയ, ത്വക്ക് രോഗങ്ങൾക്കും കാരണമാകും.
ഫോർമാലിൻ പുരട്ടിയ മീനിന്റെ കണ്ണിന് കൂടുതൽ ചുവപ്പുണ്ടാകും. ചെതുമ്പലിനും ചെകിള പൂവിനും നിറവ്യത്യാസവും, പ്രത്യേക മണവുമുണ്ടാകും. കൈയ്യിലെടുത്താൽ ദൃഡവും, വെള്ളത്തിലിട്ടാൽ ചുളുങ്ങിയ അവസ്ഥയിലുമാകും. മാംസത്തിന് കറുത്ത നിറമായിരിക്കും.
”ഭക്ഷ്യസുരക്ഷാ വിഭാഗവുംആരോഗ്യ വിഭാഗവും പരിശോധന ശക്തമാക്കിയാൽ പഴകിയ മീൻ വരവ് തടയാനാകും. ജീവനക്കാരുടെ കുറവ് കാരണം പലപ്പോഴും പരിശോധന നടക്കാറില്ല. രാത്രിയാണ് ചെക്കുപോസ്റ്റ് കടന്നു മീൻ വണ്ടികൾ എത്തുന്നത്. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്താൽ കുറേ ദിവസം പിരിശോധന നടത്തും.
-ഗോപാലകൃഷ്ണൻ, കോടിമത
Source link
NEWS


