NEWS

‘ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു, ആശ്വസിപ്പിച്ചതും ധൈര്യം തന്നതും സുവേന്ദു മാത്രം’; ബംഗാൾ മുഖ്യമന്ത്രിയെ പുകഴ്ത്തി മഹുവ മൊയ്ത്ര


കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് തകർച്ചയുടെ വക്കിൽ നിൽക്കെ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി തൃണമൂൽ കോൺഗ്രസ് ലോക്സഭാ എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മമതാ ബാനർജിയുടെ കടുത്ത വിശ്വസ്തയായി അറിയപ്പെടുന്ന മഹുവ, രാഷ്ട്രീയ വഴികൾ വ്യത്യസ്തമാണെങ്കിലും സുവേന്ദു അധികാരിയുമായി തനിക്ക് ഇപ്പോഴും വൈകാരികമായ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചാണ് മഹുവയുടെ തുറന്നുപറച്ചിൽ. ബംഗാൾ രാഷ്ട്രീയം പ്രക്ഷുബ്ധമായിരിക്കുന്നതിനിടയിലാണ് സുവേന്ദുവിനെ പ്രശംസിച്ചുള്ള മഹുവയുടെ വാക്കുകൾ പുറത്തുവന്നത്. ‘‘വ്യക്തിപരമായി സുവേന്ദു അധികാരിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങൾ ഒന്നിച്ച് തൃണമൂലിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിരുന്നു. 2014ൽ എനിക്ക് ലോക്സഭാ ടിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം അത് നിഷേധിക്കപ്പെട്ടു. അന്ന് രാത്രി മുഴുവൻ ഞാൻ കരയുകയായിരുന്നു. ആ സമയത്ത് എന്നെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും സുവേന്ദു മാത്രമാണുണ്ടായിരുന്നത്’’ – മഹുവ മൊയ്ത്ര പറഞ്ഞു.മമതയ്ക്ക് ചെയ്യാൻ കഴിയാത്തത് ഒറ്റ ദിവസം കൊണ്ട് സുവേന്ദുവും ബിജെപിയും ചേർന്ന് ചെയ്തുവെന്നാണ് മഹുവ പറഞ്ഞത്. നേതാക്കളുമായി വ്യക്തിപരമായ സമവാക്യങ്ങൾ സൂക്ഷിക്കാനാണ് മമതയ്ക്ക് താൽപര്യം. ഒന്നിനും കൊള്ളാത്തവരെയും പാർട്ടിയിൽ നിലനിർത്തി എന്നതാണ് തൃണമൂലിന്റെ പരാജയം. സ്വന്തം നിലയിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ നേതാക്കൾക്ക് കഴിയുമോ എന്ന് മമത പരിശോധിക്കേണ്ടതായിരുന്നു. ബിജെപിയ്ക്ക് ശക്തമായ കേഡർ സംവിധാനമുണ്ട്. അവർ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നു. വ്യക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമുണ്ട്. ആ പാർട്ടി ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതതെന്നും മഹുവ മൊയ്ത്ര പറഞ്ഞു. 


Source link

Back to top button