NEWS

ഒരു ബൈക്ക്, 6 കുറ്റകൃത്യങ്ങൾ: ക്യാമറയിൽ പതിഞ്ഞെങ്കിലും നമ്പർ പ്ലേറ്റ് ശൂന്യം; വസ്ത്രം നോക്കി പൊക്കി


കാക്കനാട് ∙ ഒരു ബൈക്ക്, 6 കുറ്റകൃത്യങ്ങൾ. ബൈക്ക് ക്യാമറയിൽ പതിഞ്ഞെങ്കിലും നമ്പർ പ്ലേറ്റ് ശൂന്യം. എങ്ങനെ കണ്ടെത്തുമെന്ന് ചിന്തിക്കുന്നതിനിടയിലാണ് ബൈക്ക് യാത്രികരുടെ വസ്ത്രം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽ പതിഞ്ഞത്. വസ്ത്ര വ്യാപാരശാലയുടെ യൂണിഫോമായിരുന്നു അത്. ചിത്രം സൂം ചെയ്തപ്പോൾ അങ്കമാലിയിലെ വസ്ത്ര വ്യാപാരശാലയുടെ പേരു കിട്ടി. അവിടെ ചെന്ന് കയ്യോടെ പൊക്കി. 23,500 രൂപ പിഴയും ചുമത്തി. ഗതാഗത പരിശോധനക്കിടെയാണ് ചീറിപ്പാഞ്ഞു വന്ന ബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. കൈ കാണിച്ചെങ്കിലും നിർത്തിയില്ല. ബൈക്ക് അടുത്തെത്തിയപ്പോൾ എടുത്ത ഫോട്ടോയാണ് പ്രയോജനമായത്. നമ്പർ പ്ലേറ്റ് ഇല്ല, സൈലൻസറിനും ഹാൻഡിലിനും രൂപമാറ്റം, യാത്രികർക്ക് ഹെൽമറ്റില്ല, അമിതവേഗം, കൈ കാണിച്ചിട്ട് നിർത്താതിരിക്കൽ കുറ്റങ്ങളുടെ പട്ടിക നിരത്തിയപ്പോൾ ബൈക്ക് യാത്രികർ എല്ലാം സമ്മതിച്ചു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.അശോക് കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജയ് മോഹൻദാസ്, സി.ജെ.ഷോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നമ്പർ പ്ലേറ്റ് പി‍ടിപ്പിച്ചു ഹാൻഡിലും സൈലൻസറും പഴയ രൂപത്തിലാക്കി ബൈക്ക് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.


Source link

Back to top button