BUSINESS

കേരളത്തെ ‘പിടിച്ചുലച്ച’ മത്തി വറുതി മാറി; മനംനിറച്ച് നെയ്ച്ചാള, മത്സ്യത്തൊളിലാളികൾക്കും ആശ്വാസം


തിരുവനന്തപുരം∙ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളതീരത്തെ പിടിച്ചുലച്ച മത്തി വറുതിക്ക് ശമനമേകി വലുപ്പമേറിയ നെയ്ച്ചാളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം ലീഗൽ സൈസിനേക്കാൾ(10 സെ.മീ) കൂടുതൽ വലുപ്പമുള്ളതും മുട്ടയുള്ളതുമായ മത്തിയാണ് പരമ്പരാഗത വള്ളങ്ങൾക്കു ലഭിക്കുന്നത്. ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നതു തടയാൻ 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നതു സർക്കാർ കർശനമായി വിലക്കിയിരുന്നു. ഇതെത്തുടർന്ന് മുൻ വർഷങ്ങളിൽ കേരളത്തിൽ എത്തിയതു തമിഴ്നാട്ടിലെ കടലൂർ, രാമേശ്വരം, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള മത്തിയായിരുന്നു.  ദീർഘദൂര യാത്രയിൽ ഇവ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന സംശയവും ഗുണനിലവാരക്കുറവും ഉപഭോക്താക്കളെ അകറ്റി. 2024, 2025 വർഷങ്ങളിൽ കേരളതീരത്തു ലഭിച്ച മത്തി വളർച്ച മുരടിച്ചതും ഭാരക്കുറവുള്ളതുമായിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്തതിനെ തുടർന്നു കുറഞ്ഞവിലയ്ക്ക് മീൻപൊടി ഫാക്ടറികൾക്കു കൈമാറുകയായിരുന്നു. ഈ ഘട്ടത്തിലാണു സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയത്. മുൻവർഷങ്ങളിൽ, വളർച്ചയെത്താത്ത കുഞ്ഞുമത്തികളെ വ്യാപകമായി പിടിച്ചതുമൂലം അവയ്ക്കു വളരാൻ സാവകാശം കിട്ടിയില്ലെന്നും, നിയമപരമായ നിയന്ത്രണം കർശനമായി പാലിച്ചതിലൂടെ ഇപ്പോൾ മത്തിക്കു സ്വാഭാവിക വളർച്ചാഘട്ടം പൂർത്തിയാക്കാൻ സാധിച്ചുവെന്നും സമുദ്ര ശാസ്ത്രജ്ഞനായ ഡോ.സുനിൽ മുഹമ്മദ് പറഞ്ഞു. വലുപ്പം കൂട്ടി ‘അപ്‌വെല്ലിങ്’   അനുകൂലമായ അന്തരീക്ഷ സ്ഥിതിയും ശക്തമായ കടലൊഴുക്കും മൂലമുണ്ടായ ‘അപ്‌വെല്ലിങ്’ പ്രതിഭാസം കടലിന്റെ അടിത്തട്ടിലുള്ള പോഷകസമൃദ്ധമായ തണുത്ത വെള്ളം മുകൾത്തട്ടിലേക്ക് ഉയർത്തി. ഇതു കടലിലെ ഭക്ഷ്യശൃംഖലയെ പെട്ടെന്നു ശക്തമാക്കി. അപ്‌വെല്ലിങ് വഴി പോഷകങ്ങൾ മുകളിലെത്തിയതോടെ മത്തികളുടെ പ്രധാന ആഹാരമായ പ്ലവഗങ്ങൾ വൻതോതിൽ വർധിച്ചു.


Source link

Back to top button