NEWS
ആശുപത്രിയിൽ നിന്ന് മടങ്ങി, കേട്ടത് മകന്റെ വിയോഗം; അജിന്റെ വിടവാങ്ങൽ അഗ്നിരക്ഷാസേനയുടെ നഷ്ടം

മലയിൻകീഴ് ∙ യാത്ര പോകാനും ജിമ്മിൽ വർക്കൗട്ട് ചെയ്യാനും തുടങ്ങി എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവർ നാലു പേരും ഒന്നിച്ചായിരുന്നു. അജിൻ, സനുഷ്, അനന്തു, അക്ഷയ് എന്നിവരുടെ കുട്ടിക്കാലം മുതലുള്ള സ്നേഹ ബന്ധത്തിന് പ്രായവ്യത്യാസം അകൽച്ചയുണ്ടാക്കിയിരുന്നില്ല. ഇന്നലെ നെയ്യാർ ഡാമിലേക്ക് രണ്ടു ബൈക്കുകളിലാണ് 4 പേരും പുറപ്പെട്ടത്. അക്ഷയ്‌യുടെ പുതിയ ബൈക്കിൽ ബന്ധുവായ അനന്തുവും അജിന്റെ ബൈക്കിൽ സനുഷും . പക്ഷേ, ആ യാത്ര അജിന്റെയും സനുഷിന്റെ ജീവൻ കവർന്നു. യാത്രാമധ്യേ കാട്ടാക്കട പൊട്ടൻകാവിൽ വച്ച് അജിൻ ഓടിച്ച ബൈക്ക് എതിരെ വന്ന ബസിൽ ഇടിച്ചു കയറി . തൊട്ടു പിന്നാലെ അക്ഷയും അനന്തുവും അവിടെ എത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. നിമിഷങ്ങൾക്കകം തങ്ങളുടെ പ്രിയ സുഹൃത്തുക്കളാണ് അപകടത്തിൽപെട്ടതെന്നു ഇരുവരും തിരിച്ചറിഞ്ഞു. അജിനും സനുഷും തിരിച്ചുവരില്ലെന്ന യാഥാർഥ്യം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് അനന്തുവും അക്ഷയ്‌യും. കുട്ടിക്കാലം മുതൽ ഒരേ ക്ലാസിൽ പഠിച്ചവരാണ് അക്ഷയ്‌യും സനുഷും. കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പം ഉണ്ടായിരുന്നു.അജിന്റെ വിടവാങ്ങൽ അഗ്നിരക്ഷാസേനയുടെ നഷ്ടം മലയിൻകീഴ് ∙ എ.എസ്.അജിന്റെ അകാലത്തിലെ വിടവാങ്ങലിലൂടെ അഗ്നിരക്ഷാസേനയ്ക്ക് നഷ്ടമായത് മികച്ച സിവിൽ ഡിഫൻസ് അംഗത്തെ. സേവനസന്നദ്ധനായി മാതാവ് സുജയോടൊപ്പം 4 വർഷത്തിലേറെയായി സിവിൽ ഡിഫൻസ് അംഗമായി പ്രവർത്തിക്കുകയായിരുന്നു ബിടെക് പൂർത്തിയാക്കിയ അജിൻ. ആദ്യം വിഴിഞ്ഞം അഗ്നിരക്ഷാസേന സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളായിരുന്നു ഇരുവരും. പഠനകാലത്തു തന്നെ അജിൻ സിവിൽ ഡിഫൻസ് പരിശീലനം പൂർത്തിയാക്കിയിരുന്നു.
Source link


