NEWS
സ്പെയർപാർട്സ് ഷോറൂം കത്തിനശിച്ചു, പിന്നാലെ കാണാതായി; 16 വയസ്സുകാരന്‍ മരിച്ച നിലയിൽ

കൊച്ചി ∙ കാഞ്ഞിരമറ്റത്ത് ഇരുചക്ര വാഹന സ്പെയർപാർട്സ് ഷോറൂമും ബൈക്കുകളും കത്തിനശിച്ചതിനു പിന്നാലെ കാണാതായ 16 വയസ്സുകാരന്‍ മരിച്ച നിലയിൽ. വീടിനു സമീപത്തെ വിജനമായ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ശ്രീഹരി എന്ന കുട്ടിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ബൈക്കും സ്പെയര്‍പാർട്സുകളും വിൽക്കുന്ന ഷോറൂമും സമീപത്തുണ്ടായിരുന്ന ഏതാനും ബൈക്കുകളും കത്തിനശിച്ച കേസിൽ പൊലീസ് ശ്രീഹരിയെ സംശയിച്ചിരുന്നു. സംഭവത്തിൽ മുളന്തുരുത്തി പൊലീസാണ് അന്വേഷണം നടത്തുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ശ്രീഹരിയുടെ വീട്ടിൽനിന്ന് ഏതാനും വീടുകൾ മാറിയുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിന്റെ മുകളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തീപിടിത്തം നടന്നതിനു തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മരണം സംഭവിച്ചത് എന്നാണ് നിഗമനം. കെട്ടിടത്തിലെ വൈദ്യുതി കണക്‌ഷന്‍ പരിശോധിക്കാനെത്തിയ ഉടമസ്ഥനും കെഎസ്ഇബി ഉദ്യോഗസ്ഥരും ദുർഗന്ധം വമിക്കുന്നത് അന്വേഷിച്ചതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശ്രീഹരിയുടെ പിതാവ്.അതേസമയം, മനഃപൂർവം തീവച്ചതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കടയുടമയുമായി ശ്രീഹരിക്ക് മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആ സമയത്തെ സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയെ സംശയനിഴലിലാക്കിയത്. കടയ്ക്കുള്ളിൽനിന്ന് ഓയിലോ മറ്റോ ശേഖരിക്കാൻ കയറിയപ്പോൾ സിഗരറ്റിൽ നിന്നോ ലൈറ്ററിൽ നിന്നോ ഉള്ള തീപ്പൊരി പടർന്ന് അബദ്ധത്തിൽ തീപിടിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
Source link


