വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്:കോൺഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. വി.എം.സുധീരൻ ഒഴികെ പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ലെങ്കിലും, പാർട്ടിയെ അനവസരത്തിൽ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമാണ് മുതിർന്ന പല നേതാക്കൾക്കുമുള്ളത്.
തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച വി.എം.സുധീരനെ ഓർത്തഡോക്സ് സഭ പ്രശംസിച്ചതും ശ്രദ്ധേയമായി. ഇത് ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്നും ,ലഹരിക്ക് വീര്യം കുറഞ്ഞതോ കൂടിയതോ എന്ന വേർതിരിവിന്റെ ആവശ്യമില്ലെന്നുമാണ് സഭ അഭിപ്രായപ്പെട്ടത്. മറ്റു ചില സമുദായ സംഘടനകളും ഇക്കാര്യത്തിലെ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. ചർച്ച കൂടാതെ ഇങ്ങനെയൊരു നിർദ്ദേശം വന്നത് എക്സൈസ് മന്ത്രി എം.ലിജുവിനെയും വെട്ടിലാക്കി. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായ അദ്ദേഹം, മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് അറിയുന്നത്.
മദ്യ വിരുദ്ധ സംഘടനകളും മുഖ്യമന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിച്ചേക്കും.
മദ്യ വ്യാപനം കുറയ്ക്കുകയെന്ന പാർട്ടി നിലപാടിന് വിരുദ്ധമായി, വരുമാന വർദ്ധന നോക്കിയെന്നാണ് പലരും ഉന്നയിക്കുന്ന ആക്ഷേപം. പുതിയ നിർദ്ദേശം സർക്കാരിനെ അടിക്കാനുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇത്രയും എതിർപ്പുയർന്ന സാഹചര്യത്തിൽ , തീരുമാനം തത്കാലം മാറ്റി വച്ചേക്കും.
മദ്യനയം ചർച്ചചെയ്ത് തീരുമാനിക്കും: കെ.സി
മദ്യനയത്തിൽ ആശങ്ക ദുരീകരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും നയപരമായ കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തേ തീരുമാനിക്കൂവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വന്നതല്ലേയുള്ളൂ. ആശങ്കകൾ പലതുണ്ടാവും. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അതും ചർച്ച ചെയ്യും. സമുദ്ര മിഷൻ പദ്ധതി മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്തേ നടപ്പിലാക്കൂ.
Source link
NEWS


