NEWS

‘ട്രസ്റ്റ് സെക്രട്ടറിക്ക് 1,000 കോടിയുടെ അവിഹിത സ്വത്ത്’; മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ആവശ്യം


ലക്നൗ ∙ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ക്ഷേത്രത്തിൽ നടന്ന ക്രമക്കേടിൽ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ട് പൂജാരിയും ക്ഷേത്ര ട്രസ്റ്റ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അയോധ്യ രാമക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും ക്രമക്കേട് ആരോപിച്ച് യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതിന് പിന്നാലെയാണ് മഥുരയിലും സമാനമായ വിവാദം ഉടലെടുത്തത്.ഭഗവാന് 56 വിഭവങ്ങൾ സമർപ്പിക്കുന്ന പരമ്പരാഗത ചടങ്ങായ ‘ഛപ്പൻ ഭോഗ്’ വഴിപാടിൽ നിന്നുള്ള വരുമാനം, ഭക്തർ സമർപ്പിക്കുന്ന സ്വർണം-വെള്ളി ആഭരണങ്ങൾ, സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും തമ്മിൽ പരസ്പരം ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പഹലാഗിരി മഹാരാജ്, ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ സെക്രട്ടറി കപിൽ ശർമയ്ക്ക് 1,000 കോടി രൂപയുടെ അവിഹിത സ്വത്തുണ്ടെന്നും ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കപിൽ ശർമ വ്യക്തമാക്കി.


Source link

Back to top button