NEWS

‘അമ്മ’യെ ഇനി രമേഷ് പിഷാരടി നയിക്കും, അഡ്‌ഹോക് കമ്മിറ്റിയിൽ ഗണേഷും ഷാജോണും കൃഷ്ണപ്രഭയും


താരസംഘടനയായ ‘അമ്മ’യിൽ പ്രസിഡന്റ് ശ്വേതാ മേനോനും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയെ നയിക്കാൻ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള 9 അംഗ കമ്മിറ്റിയാണ് താൽക്കാലികമായി ചുമതലയേറ്റിരിക്കുന്നത്. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള പൊതുതിരഞ്ഞെടുപ്പ് നടപടികളിലേക്ക് സംഘടന കടക്കും.ജനറൽ ബോഡി യോഗത്തിൽ ശ്വേതയും 17 അംഗ ഭരണസമിതിയും രാജിവെച്ചതിനെ തുടർന്ന് താൽക്കാലിക സമിതി രൂപീകരിക്കാൻ മുതിർന്ന നടൻ ജഗദീഷിനെ പൊതുയോഗം ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള ചർച്ചകൾക്കൊടുവിലാണ് രമേഷ് പിഷാരടിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. കെ.ബി.ഗണേഷ് കുമാർ, സാദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഡോ. റോണി ‍ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ. കാലാവധി 4 മാസമാണെന്ന് പറഞ്ഞിരിക്കുന്നതെങ്കിലും ഒരു വർഷത്തിനു ശേഷം നടക്കുന്ന അടുത്ത ജനറൽ ബോഡി വരെ തുടരാമെന്നാണു ധാരണയെന്നാണു സൂചന.കണക്കുകളെപ്പറ്റി അറിയില്ലെന്ന് ഉണ്ണി ശിവപാലും പൊരുത്തക്കേടുകൾ ഓഡിറ്ററും ചൂണ്ടിക്കാട്ടിയതോടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് അഭിപ്രായം ഉയർന്നു. പിഴവുതിരുത്താൻ ശ്വേത മേനോൻ 45 ദിവസം ആവശ്യപ്പെട്ടെങ്കിലും എതിർവിഭാഗം തയാറായില്ല. കെ.ബി.ഗണേഷ് കുമാർ മോഹൻലാലിനോട് ഇടപെടാൻ അഭ്യർഥിച്ചെങ്കിലും യോഗതീരുമാനം അംഗീകരിക്കാമെന്നായിരുന്നു നിലപാട്. ഇതിനിടെ വേദിയിലെത്തിയ ബാബുരാജ്, ബിജെപിക്കു സ്ഥാനാർഥികളെ നൽകാൻ ശ്വേത കോടികൾ വാങ്ങിയെന്നും ആരോപിച്ചു. ഇതോടെ, പ്രകോപിതയായ ശ്വേത വൈകാരികമായി രാജി പ്രഖ്യാപിച്ചു വേദിവിട്ടു.


Source link

Back to top button