NEWS

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്,​ കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലെെംഗികാതിക്രമ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കുറ്റപത്രം ഓൺലെെനായി അപ്‌ലോഡ് ചെയ്യാൻ ഉന്നതഉദ്യോഗസ്ഥർ അനുമതി നൽകി. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വിവരം.

കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിലാണ് കേസ് എടുത്തത്. കേസിൽ കഴിഞ്ഞ മാർച്ച് 31ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ശേഷം റിമാൻഡിലായ ര‌ഞ്ജിത്തിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അതിനാൽ ഇന്റേണൽ കമ്മിറ്റി അംഗങ്ങൾ, സെറ്റിലുണ്ടായിരുന്നവർ ഉൾപ്പെടെ എല്ലാവരെയും ചോദ്യം ചെയ്‌തു.

ഡിജിപിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് നടി പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. ജനുവരി 30നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി. നേരത്തെ, രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ടു പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു.


Source link
NEWS

Back to top button