NEWS
ശബരിമല സ്വർണക്കൊള്ള; മുൻ ഭരണസമിതിയും പ്രതിക്കൂട്ടിലേക്ക്

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കഴിഞ്ഞ ഭരണസമിതിയും ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിക്കൂട്ടിലേക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ ദ്വാരപാലക ശിൽപപാളികൾ ഇളക്കി വീണ്ടും സ്വർണം പൂശിയ കേസിൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ മുൻ സമിതിയെയും ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരെയും കൂടി പ്രതിചേർത്തേക്കും. ഇവരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും ചോദ്യംചെയ്യും. തന്ത്രി കണ്ഠര് രാജീവരെ ഈ കേസിലും പ്രതിചേർക്കാൻ സാധ്യതയുണ്ട്.2025 ലെ സ്വർണംപൂശലിൽ സ്വർണക്കൊള്ള നടന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും 2019 ലെ സ്വർണക്കൊള്ള മറയ്ക്കാനായാണു വീണ്ടും സ്വർണം പൂശിയതെന്നാണ് എസ്ഐടി നിഗമനം. 2019 ൽ സ്വർണം പൂശി മടക്കിയെത്തിച്ച പാളികളുടെ തിളക്കം നഷ്ടപ്പെട്ടപ്പോഴാണു തട്ടിപ്പു പുറത്തറിയാതിരിക്കാൻ പുതിയ സ്വർണം പൂശൽ ആസൂത്രണം ചെയ്തത്. ഇതിനുള്ള നീക്കം 2023 ൽ തന്നെ തുടങ്ങിയെന്നും രേഖകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിപിഎം നേതാവായ പി.എസ്.പ്രശാന്ത് പ്രസിഡന്റായ ബോർഡിൽ സിപിഐ നേതാവ് എ.അജികുമാർ, സിപിഎം നേതാവ് പി.ഡി. സന്തോഷ് കുമാർ എന്നിവരായിരുന്നു അംഗങ്ങൾ.മുൻ ദേവസ്വം ബോർഡിൽ കഴിഞ്ഞവർഷം ജൂലൈയിൽ അംഗമായ സന്തോഷ് നിലവിലെ ബോർഡിലും ഉണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സ്വർണം പൂശലിന്റെ തീരുമാനങ്ങളിൽ സന്തോഷും പങ്കാളിയാണെന്നാണ് ആരോപണം. ദേവസ്വം ബോർഡ് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ക്രമക്കേടുകളിലും സന്തോഷ് കുമാറിനു പങ്കുണ്ടെന്ന് ആരോപിച്ച് ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും മന്ത്രിക്കു പരാതി നൽകിയിരുന്നു.
Source link


