തോട് വൃത്തിയാക്കുന്നതിനിടെ കൈ തട്ടിയത് ഭാരമുള്ള പ്ലാസ്റ്റിക് ടിന്നിൽ, തൊഴിലുറപ്പ് തൊഴിലാളികൾ തുറന്നപ്പോൾ കണ്ടത്

കൊല്ലം: മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഞെട്ടിക്കുന്ന ഒരു സംഭവമുണ്ടായത്. വൃത്തിയാക്കുന്നതിനിടെ തോട്ടി കൊണ്ട് തൊട്ടത് ഭാരമുള്ള ഒരു പ്ലാസ്റ്റിക് ടിൻ. അൽപം ആശങ്കയോടെയാണെങ്കിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ ഒരാൾ അത് തുറന്നുനോക്കി. ആദ്യം അമ്പരന്നെങ്കിലും ടിന്നിലുണ്ടായിരുന്നത് വെള്ളി ആഭരണങ്ങളാണെന്ന് മനസിലായതോടെ വിവരം വാർഡ് അംഗത്തെ അറിയിച്ചു.
വിവരം പൊലീസിലേക്കും കൈമാറിയതോടെ സ്ഥലത്തെത്തിയ പൂയപ്പള്ളി പൊലീസ് വെള്ളി അഭരണങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ടിൻ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ടിൻ ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ലഭിച്ചത്. 35 ജോടി പാദസരം, രണ്ട് ഏലസ്, രണ്ട് ജോടി കാൽത്തള, അഞ്ച് മൂക്കുത്തി, രണ്ട് ജോടി കമ്മലുകൾ, ഒരു മോതിരം, ഇടിവള എന്നിവയും ലഭിച്ചു. ഇതുകൂടാതെ ഒരു ചാർജറും ടിന്നിൽ നിന്ന് ലഭിച്ചു. ടിൻ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ വൈദ്യുതിയിൽ ഉപയോഗിക്കുന്ന ഒരു ത്രാസും കണ്ടെത്തിയിട്ടുണ്ട്.
തോട്ടിലൂടെ ഒഴുകി എത്തിയതാവാമെന്നാണ് പൊലീസ് നിഗമനം. എന്നാൽ അരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. ആഭരണ കടയിൽ ഉപയോഗിക്കുന്നതിന് സമാനമായ ത്രാസാണ് ലഭിച്ചത്. അടുത്തുള്ള ആഭരണ കടകളിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തും. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link
NEWS


