NEWS

ആ‘കെ’ മാറി; പകരം ‘കേരള’: മുൻ സർക്കാരിന്റെ ‘കെ’ പദ്ധതികൾക്ക് ഫണ്ടില്ല


തിരുവനന്തപുരം ∙ കിഫ്ബിയെ മാത്രമല്ല, കഴിഞ്ഞ സർക്കാരിന്റെ സ്വന്തമായിരുന്ന പല ‘കെ’ പദ്ധതികളെയും അവഗണിച്ചാണു പുതിയ സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. പുതിയ ചില ‘കേരള’ പദ്ധതികൾ ബജറ്റിൽ ഇടംപിടിക്കുകയും ചെയ്തു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റിൽ പണം വകയിരുത്തിയ പല പദ്ധതികളെക്കുറിച്ചും പുതിയ ബജറ്റിൽ പരാമർശമില്ലെന്നതിനാൽ അവയുടെ ഭാവി എന്തെന്ന അനിശ്ചിതത്വമുണ്ട്. പദ്ധതി പൂർണമായി ഉപേക്ഷിക്കുമോ എന്നു വ്യക്തമല്ലെങ്കിലും അനുവദിച്ച തുകയിൽ വ്യത്യാസമുണ്ടാകും.തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ വേഗറെയിൽ പദ്ധതിയായി ആർആർടിഎസ് പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപയും വകയിരുത്തി. എന്നാൽ, ആർആർടിഎസ് ഈ സർക്കാരിന്റെ പ്രകടനപത്രികയിൽ പോലുമില്ലാത്തതിനാൽ സ്വാഭാവികമായും ആ പദ്ധതി ഇല്ലാതാകും. മത്സ്യത്തൊഴിലാളികൾക്കായി കഴിഞ്ഞ സർക്കാർ ആവിഷ്കരിച്ച ഭവനപദ്ധതി ‘പുനർഗേഹം’ ആയിരുന്നു. കഴിഞ്ഞ ബജറ്റിൽ 64.20 കോടിയും വകയിരുത്തി. മത്സ്യത്തൊഴിലാളികൾക്കു പുതിയ ഭവനപദ്ധതി ആവിഷ്കരിക്കുമെന്നാണു പുതിയ ബജറ്റിലെ പ്രഖ്യാപനം. എന്നാൽ, പുനർഗേഹത്തെ ബജറ്റ് സ്പർശിച്ചില്ല.കേരള നോളജ് വാലി, കേരള അർബൻ ഗ്രോത്ത് മിഷൻ, കേരള ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം, കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി, കേരള സിൽവർ ഇക്കോണമി എന്നിങ്ങനെ ഒരുപിടി പുതിയ ‘കെ’ പദ്ധതികളുടെ പ്രഖ്യാപനമാണു പുതിയ ബജറ്റിലുള്ളത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ക്ഷേമപദ്ധതികളായ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതി തരംഗം, സ്നേഹപൂർവം, സ്നേഹസ്പർശം, താലോലം, കാൻസർ സുരക്ഷ, സ്നേഹസാന്ത്വനം, പകൽവീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം എന്നിവ കാര്യക്ഷമമായി നടപ്പാക്കുമെന്നാണു പ്രഖ്യാപനം.


Source link

Back to top button