NEWS
‘നിതിനെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വച്ച് അപമാനിച്ചു; നേരിട്ടത് ക്രൂരപീഡനം’: റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന് ഡോ. എം.കെ.റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കുന്നതിനും പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനുമായി അപ്പീൽ തള്ളുകയാണെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയായ നിതിൻ രാജിനെ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് പ്രതി അധിക്ഷേപിച്ചതായി കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥിയുടെ ഉത്തരക്കടലാസ് വാങ്ങിച്ച് മറ്റ് കുട്ടികളെക്കൊണ്ട് ക്ലാസിൽ ഉച്ചത്തിൽ വായിപ്പിക്കുകയും എഴുതിയതൊക്കെ അസംബന്ധമാണെന്ന് പറഞ്ഞ് പരസ്യമായി പരിഹസിക്കുകയും ചെയ്തു. വിദ്യാർഥിയെ മാനസികമായി തകർക്കാനും അപമാനിക്കാനുമുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പൊതുമധ്യത്തിൽ ഈ അധിക്ഷേപങ്ങളും ഭീഷണികളും പ്രതി നടത്തിയത്. അധ്യാപകനായ പ്രതിയിൽ നിന്നുണ്ടായ ഇത്തരം ക്രൂരമായ പീഡനങ്ങളാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നതിന് സാക്ഷിമൊഴികളിലൂടെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. ∙ വിദ്യാർഥികൾ നേരിടുന്ന പീഡനം: ആശങ്ക രേഖപ്പെടുത്തി കോടതി മെഡിക്കൽ, ദന്തൽ കോളജുകളിൽ വിദ്യാർഥികൾ നേരിടുന്ന കടുത്ത മാനസിക പീഡനങ്ങളിലും അമിത ജോലിഭാരത്തിലും ഹൈക്കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്റേണൽ പരീക്ഷകളിലും പ്രാക്ടിക്കൽ പരീക്ഷകളിലും മാർക്ക് കുറയ്ക്കുമെന്ന ഭീഷണിയും തോൽപ്പിക്കുമെന്ന ഭയവും കാരണം പല വിദ്യാർഥികളും അധ്യാപകരുടെ പീഡനങ്ങൾ നിശബ്ദമായി സഹിക്കുകയാണെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു.
Source link


