NEWS

സ്വർണവിലയിൽ വൻ ഇടിവ്, ഇന്നു മാത്രം കുറഞ്ഞത് 2680 രൂപ, വില വീണ്ടും ഒരു ലക്ഷത്തിന് താഴെ എത്തുമോ?


സംസ്ഥാനത്തെ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 335 രൂപ കുറ‍ഞ്ഞ് 13,370 രൂപയിലെത്തി. പവൻ വില 2680 രൂപ ഇടിഞ്ഞ് 1,06,960 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില നാലു ശതമാനത്തോളം ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാൻ – യുഎസ് യുദ്ധം പരിഹരിക്കാനുള്ള സമാധാന കരാർ ഒപ്പിട്ടെങ്കിലും പണപ്പെരുപ്പ ഭീഷണിയാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും നിർണായകമായി. പ്രമുഖ ആറു കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക ഒരു വർഷത്തെ ഉയർന്ന നിലയിലാണ്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിന്റെ ചെലവ് വർധിച്ചു. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 280 രൂപ കുറഞ്ഞ് 11,040 രൂപയിലെത്തി. ചില ജ്വല്ലറികളിൽ ഗ്രാമിന് 10,990 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയിലാണ് വെള്ളിവില. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി സഹിതം 1,21,200 രൂപയെങ്കിലും വേണ്ടി വരും. പണിക്കൂലിക്ക് പുറമെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും ബാധകമാണ്.


Source link

Back to top button