ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഗവർണറുടെ അസാധാരണ നടപടി, അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. വിഷയത്തിൽ ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് ചീഫ് സെക്രട്ടറി അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും അന്താരാഷ്ട്ര യോഗാ ദിനാചരണത്തെ കുറിച്ചുള്ള ആശയ വിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
സർക്കാരിന്റെ അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യുട്ടീവ് ചുമതലകളിൽ പെട്ടതാണ്, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടനാ കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്തടിസ്ഥാനത്തിലാണ് ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. മുഖ്യമന്ത്രി സംഘപരിവാർ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിലുണ്ട്. കിട്ടിയ അവസരം ഗവർണറും ശരിയായി ഉപയോഗിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അന്തസ്സാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Source link
NEWS


