NEWS
‘പരുക്കേറ്റത് 6 പേർക്ക്; പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു’: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 3 പേരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആറാം പ്രതി കിരണ്‍, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്. നിയമപ്രകാരമുള്ള വാറന്റുമായി പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എപിപി മനു കല്ലംമ്പള്ളി വാദിച്ചു.സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെ പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇ.ഡി. ഉദ്യോഗസ്ഥര്‍ അടക്കം ആറു പേര്‍ക്ക് ആക്രമണത്തില്‍ പരുക്കുപറ്റി. ഈ ദൃശ്യങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ ലൈവായി കാണുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം, പ്രതികള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും തുടരന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. തകര്‍ക്കപ്പെട്ടത് സ്വകാര്യ വാഹനങ്ങള്‍ ആണെന്നും പൊതുമുതല്‍ നശീകരണ നിയമം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി. മുറിവുകള്‍ മാരകമാണെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസ് ഹാജരാക്കിയിട്ടില്ല. ഇതുമൂലം വധശ്രമ കുറ്റം നിലനില്‍ക്കില്ല. പരുക്കേറ്റ ഇ.ഡി. ഉദ്യോഗസ്ഥന് തെലങ്കാന സ്വദേശിയാണ്. ‘ഇവന്മാരെ കൊല്ലെടാ’ എന്ന് പ്രതികള്‍ പറഞ്ഞതായി ഇ.ഡി.ഉദ്യോഗസ്ഥന് നല്കിയ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.
Source link


