NEWS

‘എസ്ഐടി ചോദ്യം ചെയ്തത് അയോഗ്യതയല്ല’; സ്ഥലംമാറ്റ വിവാദത്തിൽ മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ്


തിരുവനന്തപുരം∙ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലംമാറ്റ വിവാദത്തില്‍ ദേവസ്വം മന്ത്രി കെ.മുരളീധരനെ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. എസ്‌ഐടി ചോദ്യം ചെയ്തതിന്റെ പേരില്‍ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്താനാകില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ.ജയകുമാര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മര്‍മസ്ഥാനങ്ങളില്‍ നിയമിച്ച ബോര്‍ഡിന്റെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരന്‍ ബോര്‍ഡിന് കത്തു നല്‍കിയിരുന്നു. ഇതുള്‍പ്പെടെ ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം പരിഗണിച്ചിരുന്നു. അതിനുശേഷമാണ് കെ.ജയകുമാര്‍ പ്രതികരിച്ചത്. ശബരിമലയില്‍ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെ വള്ളിയങ്കാവ് ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാക്കി നിയമിച്ചതാണ് വിവാദമായത്. നടപടി തീരുത്തിയില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ദേവസ്വം മന്ത്രി തുറന്നടിച്ചിരുന്നു. അതേസമയം, 75 പേരില്‍ 20 പേരുടെ നിയമനങ്ങളില്‍ ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതോടെ പരാതികള്‍ അവസാനിക്കുമെന്നാണു കരുതുന്നതെന്നും കെ.ജയകുമാര്‍ പറഞ്ഞു. ‘എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് മാത്രം ഒരാളുടെ സ്ഥാനക്കയറ്റമോ ട്രാന്‍സ്ഫറോ പരിഗണിക്കാതിരിക്കാന്‍ ആവില്ല. വിജിലന്‍സ് ക്ലിയറന്‍സ് നോക്കിയാണ് ആളുകളെ പരിഗണിച്ചത്. വള്ളിയങ്കാവില്‍ നിയമിച്ച ഉദ്യോഗസ്ഥനെതിരെ ഞങ്ങളുടെ ശ്രദ്ധയില്‍ പ്രത്യേകിച്ച് ആരോപണം ഒന്നുമില്ല. എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഇപ്പോഴും പരിശോധിക്കാന്‍ തയാറാണ്. അയാളെ എസ്‌ഐടി ചോദ്യം ചെയ്തു എന്നാണ് പറയുന്നത്. അതേപ്പറ്റി എനിക്കറിയില്ല. വിജിലന്‍സ് കേസുണ്ടെങ്കില്‍ പറയുന്നത് ശരിയാണ്. എന്നാല്‍ അങ്ങനെയില്ല. ഈ ഓഫിസില്‍ എത്രപേരെ ചോദ്യം ചെയ്തു. ദേവസ്വം ഓഫിസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വളരെ കൃത്യമായി സമയമെടുത്ത് പരിശോധന നടത്തിയാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് തയാറാക്കിയത്. ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ല’ – കെ.ജയകുമാര്‍ പറഞ്ഞു.


Source link

Back to top button