CINEMA

‘പോക്‌സോ കേസ് പ്രതിക്ക് എന്തിന് അവസരം കൊടുത്തൂ?’ അനിരുദ്ധിന്റെ പുതിയ പാട്ടിന് പിന്നാലെ വിവാദം

തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പുതിയ മ്യൂസിക് ആൽബം കടുത്ത വിമർശനങ്ങളിലേക്ക്. പോക്‌സോ കേസ് പ്രതിയായ നൃത്ത സംവിധായകൻ ജാനി മാസ്റ്ററുമായി സഹകരിച്ചതാണ് അനിരുദ്ധിനെതിരെ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുന്നത്. വിജയ് ചിത്രം ‘വാരിസ്’ ഉൾപ്പെടെയുള്ള വമ്പൻ സിനിമകളിൽ മുൻപ് കൊറിയോഗ്രഫി ചെയ്തിട്ടുള്ളയാളാണ് ജാനി മാസ്റ്റർ.

അന്തരിച്ച തന്റെ സുഹൃത്ത് അരവിന്ദിന്റെ സ്മരണയ്ക്കായി അനിരുദ്ധ് പുറത്തിറക്കിയ ‘അരവിന്ദിന്’ എന്ന ആൽബം ഗാനത്തിലാണ് ജാനി മാസ്റ്റർ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. അനിരുദ്ധിന്റെ സ്വന്തം മ്യൂസിക് ലേബലായ ‘ആൽബുകർക് റെക്കാർഡ്‌സ്’ വഴിയായിരുന്നു ഈ സ്വതന്ത്ര ഗാനത്തിന്റെ റിലീസ്. എന്നാൽ, പാട്ടിന്റെ ഭംഗിയേക്കാൾ ആളുകൾ ശ്രദ്ധിച്ചത് ഇതിന്റെ കൊറിയോഗ്രഫി ജാനി മാസ്റ്റർ ആണെന്നതാണ്. പോക്‌സോ കേസിൽ നിലവിൽ ജാമ്യത്തിൽ കഴിയുന്ന ജാനി മാസ്റ്റർക്ക് അനിരുദ്ധ് തന്റെ പ്രൊജക്‌റ്റിൽ അവസരം നൽകിയത് വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചു. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ഒരാളെ സ്വന്തം പ്രൊജക്‌റ്റിലേക്ക് എന്തിന് അനിരുദ്ധ് ക്ഷണിച്ചുവെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.


2024 സെപ്തംബറിലാണ് 21കാരിയായ വനിതാ കൊറിയോഗ്രഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെിയത്. 2017ലായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് 2019ൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. 2020ൽ മുംബയിലേക്കുള്ള യാത്രയ്ക്കിടെ ജാനി മാസ്റ്റർ ഇവരെ പീഡിപ്പിക്കുകയായിരുന്നു. അന്ന് 17 വയസായിരുന്നു ഇവരുടെ പ്രായം. കഴിഞ്ഞ ആറ് വർഷത്തിനിടെ താൻ നേരിട്ട പീഡനങ്ങളുടെയും ഭീഷണികളുടെയും വിശദാംശങ്ങൾ അടങ്ങിയ 40 പേജുള്ള രേഖയും പെൺകുട്ടി പൊലീസിന് കൈമാറിയിരുന്നു.

പീഡനം നടക്കുമ്പോൾ ഇരയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് ജാനി മാസ്റ്റർക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്. തുടർന്ന് ഗോവയിൽ വച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഹൈദരാബാദ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. നിലവിൽ തെലങ്കാന ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.


Source link

Back to top button