NEWS
ഡബിൾ ബെല്ലടിച്ച് ജയലക്ഷ്മി, ആദ്യ ഓട്ടം കുമരകം വഴി ചേർത്തലയ്ക്ക്; കോട്ടയത്ത് ത്രില്ലടിച്ച് വനിതകൾ

കോട്ടയം ∙ അകത്തും പുറത്തും പിങ്ക് നിറത്തിലുള്ള ബലൂണുകൾ കെട്ടിയൊരുക്കി KL15 8149 എന്ന ബസ് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു നിരത്തിലേക്കുരുണ്ടു. ജില്ലയിൽനിന്നു ‘പ്രിയദർശിനി’യുടെ ആദ്യ ഓട്ടം കുമരകം വഴി ചേർത്തലയ്ക്ക്. രാവിലെ 9 മണിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലയിലെ വനിതാ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്തു. പിന്നാലെ മധുര വിതരണം. ബസിൽ കയറി നിന്ന് തിരുവഞ്ചൂരും യുഡിഎഫ് പ്രവർത്തകരും യാത്രക്കാരെ അഭിസംബോധന ചെയ്തു. 9.20ന് കണ്ടക്ടർ ജയലക്ഷ്മി ഡബിൾ ബെൽ അടിച്ചു. ബസ് നേരെ ചേർത്തലയ്ക്ക്. 9 വർഷമായി കോട്ടയം ഡിപ്പോയിൽ ജോലി ചെയ്യുന്ന ജയലക്ഷ്മിക്ക് ഉദ്ഘാടന യാത്രയുടെ ഭാഗമാകാൻ സാധിച്ചതിൽ ഇരട്ടി സന്തോഷം.ബസിന്റെ മുൻ ഗ്ലാസിന്റെ ഇടതുവശത്തായി ‘പ്രിയദർശിനി സൗജന്യ യാത്ര’ എന്നെഴുതിയിരിക്കുന്നു. പുറമേ വശങ്ങളിൽ സൗജന്യ യാത്രയെന്നെഴുതിയ പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്. സൗജന്യ യാത്ര നടപ്പിലാക്കുന്ന 3125 ബസുകളിലും ഈ രീതിയാണ് പിന്തുടരുന്നത്. കെഎസ്ആർടി ബസ് സ്റ്റാൻഡിൽ ഇന്ന് പതിവിലുമേറെ വനിതാ യാത്രികരുണ്ടായിരുന്നു. സ്ഥിരം യാത്രക്കാർക്കു പുറമേ, സൗജന്യ യാത്രയുടെ കൗതുകം അറിയാൻ വെറുതെ ‘ചേർത്തലയ്ക്ക് ഒരു ട്രിപ്പടിക്കാം’ എന്ന ചിന്തയിൽ മറ്റനേകം വനിതകളും. ഡിപ്പോയിൽ നിന്ന് കയറി തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങിയവരും ഉദ്ഘാടന യാത്രയുടെ ത്രില്ലിൽ! ബസ് കടന്നു പോകുമ്പോൾ വഴിയോരങ്ങളിൽ നിന്ന് പലരും യാത്രക്കാർക്കു നേരെ കൈവീശിക്കാണിച്ചു. തിരിച്ച് ആവേശത്തോടെ യാത്രികരുടെ പ്രതികരണം.
Source link


