തമിഴ്നാട്ടിൽ നിന്നുൾപ്പെടെ തൊഴിലാളികൾ എത്തിത്തുടങ്ങി, ചാകരക്കോള് കാത്ത് വിഴിഞ്ഞം

വിഴിഞ്ഞം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വിഴിഞ്ഞത്ത് വരാനിരിക്കുന്ന ചാകരക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മത്സ്യ തൊഴിലാളികൾ. സീസണെ വരവേൽക്കാൻ മത്സ്യബന്ധന തുറമുഖം ഒരുങ്ങിക്കഴിഞ്ഞു. തീരത്തെ പൊലീസ് എയ്ഡ് പോസ്റ്റുകൾ ഓലമേഞ്ഞ് പൊലീസുകാരെ ഡ്യട്ടിക്കും നിയോഗിച്ചു. വൈദ്യുതി വിളക്കുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ ഓരോ ദിവസവും എത്തുകയാണ്. സീസണോടനുബന്ധിച്ച് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾ റും പ്രവർത്തനം ആരംഭിച്ചു. താത്കാലിക ലൈഫ് ഗാർഡുമാരെയും നിയമിച്ചു. മത്സ്യബന്ധന തീരത്ത് ഇതിനോടകം വള്ളങ്ങൾ നിറഞ്ഞിട്ടുണ്ട്.
ആരംഭത്തിൽ
കൊഞ്ചിന്റെ ലഭ്യതയോടെയാണ് സീസൺ ആരംഭിക്കുന്നത്. എന്നാൽ നിലവിൽ കുറഞ്ഞ അളവിൽ മത്തിയാണ് ലഭിക്കുന്നത്. ഉൾക്കടലിൽ കാറ്റ് കൂടുതലായതിനാൽ മീൻ പിടിക്കാൻ വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് പോകുന്നത്. ഏതാനും ദിവസങ്ങളായി നല്ല മഴലഭിക്കുന്നതിനാൽ കടൽ തണുത്ത് ആഴക്കടലിൽ നിന്ന് മത്സ്യങ്ങൾ മുകൾ തട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കൊഞ്ച് എത്തിയ ശേഷം കണവയും ചെറു മത്സ്യങ്ങളും എത്തും. വാള ലഭിക്കുന്നതോടെ സീസൺഅവസാനിക്കുകയാണ് പതിവ്.കഴിഞ്ഞ സീസണിൽ തീരത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ നിറയെ മീൻ ലഭിച്ചിരുന്നു.
പ്രതീക്ഷയോടെ…
ചെറുകച്ചവടക്കാർ മുതൽ ഓട്ടോ തൊഴിലാളികൾ വരെ ചാകര പ്രതീക്ഷിച്ചാണ് വിഴിഞ്ഞത്തെത്തുന്നത്. സീസൺ കാലമായ മൂന്നു മാസത്തെ സമ്പാദ്യമാണ് വർഷം മുഴുവനും ഇവരുടെ ജീവിത മാർഗം.നല്ല മഴലഭ്യമായാൽ തൊഴിലാളികൾക്ക് പ്രതീക്ഷയാണ്. സീസൺ ആശ്രയിച്ചു മാത്രം ലഘു ഭക്ഷണശാലകളും തീരത്ത് ഒരുങ്ങാറുണ്ട്.
പൂർത്തിയാകാതെ പ്രഖ്യാപനങ്ങൾ
വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് പരിസരം മോടിപിടിപ്പിക്കാൻ 2023ൽ 25 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പിലായില്ല.
കേരളത്തിലെ ഏറ്റവും മികച്ച മത്സ്യബന്ധന തുറമുഖമാക്കി മാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്.
പദ്ധതി ഇങ്ങനെ..
ലേലപ്പുര നിർമ്മിക്കും
വല നെയ്യാനായി നെറ്റ് വെൻഡിംഗ് ഷെഡ്
130 മീറ്റർ നീളത്തിൽ ഫിംഗർ ജെട്ടികൾ
കോൾഡ് സ്റ്റോറേജ് സംവിധാനം
റോഡുകൾക്ക് ഇരുവശവും പൂന്തോട്ടവും ഡ്രെയിനേജ് സംവിധാനവും
ടോയിലെറ്റ് സംവിധാനം,സി.സി.ടി.വികൾ, ചുറ്റുമതിൽ
Source link
NEWS


