NEWS
കൂട്ടത്തോടെ പുറത്തിറങ്ങി വനിതകൾ; മാസം 1000 രൂപയിലേറെ, ആ ലാഭം ചെറുതല്ല; ‘വീട്ടുബജറ്റ് മിച്ചം, കുടുംബ ബന്ധം മെച്ചം’

കേരളത്തിൽ സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവുകയാണ്. ഈ സാഹചര്യത്തിൽ, അയൽസംസ്ഥാനമായ കർണാടകയിൽ സമാനമായ പദ്ധതി സ്ത്രീസമൂഹത്തിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാകുന്നു. സാമ്പത്തിക പരാധീനതകൾ മൂലം വീടുകളിൽ ഒതുങ്ങിപ്പോയ ലക്ഷക്കണക്കിനു സ്ത്രീകൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങാനും പെൺകുട്ടികൾക്ക് ദൂരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപ്പോലും തടസ്സമില്ലാതെ പഠിക്കാനും ഈ പദ്ധതി വഴിയൊരുക്കി. ഈ പദ്ധതി സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക പദവികളിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കർണാടകയിലേക്കു കുടിയേറിയ മലയാളികൾക്കും ശക്തി പദ്ധതി വലിയ ഗുണം ചെയ്യുന്നുണ്ട്. സാമ്പത്തിക ലാഭവും യാത്രാ സ്വാതന്ത്ര്യവും ജോലിയുടെ ആവശ്യത്തിനായി ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ സ്നേഹ സാറാ കുരുവിള, ആഴ്ചയിലൊരിക്കലെങ്കിലും ഗൗരിബിധനൂരിലെ വീട്ടിലേക്കു യാത്ര ചെയ്യാറുണ്ട്. ബെംഗളൂരുവിൽനിന്നു ഗൗരിബിധനൂരിലേക്കുള്ള പോക്കുവരവിനായി മാത്രം 210 രൂപയാണ് ചെലവ്. മുൻപ് ഇതിന് മാസം 840 രൂപയോളം ചെലവാകുമായിരുന്നു. നഗരത്തിലെ ലോക്കൽ ബസ് യാത്രകൾ കൂടി ചേരുമ്പോൾ ഇത് ആയിരം രൂപ കടക്കും. ‘‘സൗജന്യ യാത്രാ പദ്ധതി വന്നതോടെ ഈ തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ആഴ്ചയിൽ പലതവണ ബെംഗളൂരുവിലേക്കു യാത്ര ചെയ്യുന്നവർക്ക് ഇതിലും വലിയ തുകയാണ് ലാഭിക്കാൻ കഴിയുന്നത്. ബെംഗളൂരുവിലെ ബിഎംടിസി ബസുകളിലും സ്ത്രീകൾക്കു യാത്ര സൗജന്യമായതിനാൽ നഗരത്തിലൂടെയുള്ള യാത്രകൾ ഇപ്പോൾ ഏറെ എളുപ്പമായി’’ – സ്നേഹ പറയുന്നു.കർണാടകയിൽ നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനു ചില മാനദണ്ഡങ്ങളുണ്ട്. എന്നാൽ കേരളം കൂടുതൽ ലളിതമായ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വിലാസമുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖ കർണാടകയിൽ നിർബന്ധമാണ്. ഇതിനു പകരം സ്മാർട് ബസ് പാസ് സംവിധാനം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങളോ രേഖകളോ ഇല്ല. എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് കേരളത്തിൽ ഇതു നടപ്പിലാകുക.
Source link


