NEWS

വർഷം നീളെ, തേൻരുചിയോടെ ‘ഇടമൺ കൽക്കണ്ട വരിക്ക’; സുജകുമാരിയുടെ അദ്ഭുത ഫലത്തിന്റെ രഹസ്യം തേടി കൃഷിവകുപ്പ്


തെന്മല∙ ഇടമൺ കുന്നുപുറം ഉഷസിൽ സുജകുമാരിയുടെ (48) ജീവിതത്തിൽ ഒരു വരിക്ക പ്ലാവിലെ ചക്കച്ചുള വരുത്തിയ സ്വാധീനം ഇന്നു ചെറിയ സംഭവമല്ല. തേൻ കിനിയും മധുരത്തിനും അപ്പുറം സ്വന്തം നാടിന്റെ പേരിൽ ഒരു പ്ലാവ് തന്നെ പിറവി എടുത്തിരിക്കുകയാണ് ഇപ്പോൾ. ‘ഇടമൺ കൽക്കണ്ട വരിക്ക’ എന്നു പേരിട്ട ചക്ക ഇനി നാടിന് മധുരത്തിന്റെ അഭിമാനമായി തളിർക്കും. 29 വർഷം മുൻപായിരുന്നു കഥയുടെ തുടക്കം. 31 സെന്റുള്ള വീട്ടുപുരയിടത്തിലെ മണ്ണിൽ വീണു തളിർത്ത ചക്കക്കുരുവിൽ നിന്നു നാമ്പിട്ട തൈ വളർന്നു വലതുതായപ്പോൾ നിറയെ ചക്കകൾ. നവംബറിൽ വിളയുന്ന ചക്കകൾ അടുത്ത ഒ‌ാഗസ്റ്റ് വരെ നിറഞ്ഞു നിൽക്കും. മുറിച്ചു നോക്കിയപ്പോൾ പതിവിലും അധികം മധുരമുള്ള ചക്കച്ചുളകൾ. സാധാരണ വരിക്കച്ചക്കയുടെ ചുളകളേക്കാൾ നല്ല കട്ടി. ദിവങ്ങളോളമായിട്ടും ഒരു കേടും സംഭവിക്കുന്നില്ല. ഇതിൽ എന്തോ പ്രത്യേകതയുണ്ടെന്ന സുജകുമാരിയുടെ ചിന്ത ചെന്നെത്തിയതു കൊട്ടാരക്കരയിലെ കാർഷിക വിജ്ഞാന കേന്ദ്രത്തിൽ. പിന്നെ നിരീക്ഷണത്തിന്റെ നാളുകൾ. കൃഷി ശാസ്ത്രജ്ഞർ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. 3 വർഷം മുൻപായിരുന്നു ഇതിന്റെ തുടക്കം. ഇപ്പോൾ 4 ബഡ് തൈകളാണു ശാസ്ത്രജ്ഞർ വളർത്തിയെടുത്തിരിക്കുന്നത്. ഇതിൽ 2 എണ്ണം സുജകുമാരി തന്നെ പുരയിടത്തിൽ പരിസ്ഥിതി ദിനത്തിൽ നട്ടു. ശേഷിച്ചവ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പുരയിടത്തിലും.


Source link

Back to top button