NEWS
പ്രതിഷേധങ്ങൾ വേണ്ട..; ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണം, നാലിലധികം പേർ ഒത്തുകൂടരുത്

കൊച്ചി∙ ലക്ഷദ്വീപിൽ പ്രതിഷേധങ്ങള്ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ദ്വീപ് ജില്ലാ ഭരണകൂടം. വിവിധ വിഷയങ്ങളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അടുത്ത 2 മാസത്തേക്കുള്ള നിയന്ത്രണം. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് കേന്ദ്രങ്ങൾക്കും ചുറ്റും ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര നിരോധനാജ്ഞ ഏർപ്പെടുത്തി. ബിഎൻഎസ്എസ് 163ാം വകുപ്പ് പ്രകാരമാണ് നടപടി. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്തും അവശ്യസാധനങ്ങളുടെ വിതരണവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനുമാണ് നടപടിയെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നത്. അതേസമയം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഇതെന്നും ജനാധിപത്യ സംവിധാനത്തിൽ ഇവ പാടില്ലാത്തതാണെന്നും ലക്ഷദ്വീപ് എംപി ഹംദുള്ള സെയ്ദ് പറഞ്ഞു. പാർട്ടി പ്രവർത്തകരും ജനങ്ങളുമായി ആലോചിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ എല്ലാ ജനവാസ ദ്വീപുകളിലെയും ജെട്ടികൾ, ഹെലിപാഡുകൾ എന്നിവയുടെ 150 മീറ്റർ ചുറ്റളവിലും, വൈദ്യുതി നിലയങ്ങൾ, ഇന്ധന ഡിപ്പോകൾ, ശുദ്ധീകരണ പ്ലാന്റുകൾ, കമ്മ്യൂണിക്കേഷൻ ടവറുകൾ, എസ്ഡിഎം/ബിഡിഒ ഓഫീസുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിലും സമരം ചെയ്യാൻ പാടില്ല. കവരത്തിയിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ്, സെക്രട്ടേറിയറ്റ് എന്നിവയുടെ 100 മീറ്റർ പരിധിയിലും സർക്കാർ ആശുപത്രികളുടെ 50 മീറ്റർ പരിധിയിലും നിയന്ത്രണങ്ങളുണ്ട്. ഈ പരിധിക്കുള്ളിൽ അഞ്ചോ അതിലധികമോ ആളുകൾ പ്രതിഷേധങ്ങൾക്കായി ഒത്തുകൂടുന്നത് പൂർണ്ണമായി നിരോധിച്ചു. മുദ്രാവാക്യം വിളികൾ, ഉച്ചഭാഷിണി ഉപയോഗം, പ്രകോപനപരമായ ബാനറുകൾ, വഴി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരെ തടസപ്പെടുത്തൽ എന്നിവയ്ക്കും കർശനമായ വിലക്കുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ബിഎൻഎസ് 223ാം വകുപ്പ് പ്രകാരം 6 മാസം വരെ തടവോ പിഴയോ ലഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
Source link


