NEWS

വില്ലിങ്‌ടൻ ഐലൻഡിലെ പാലത്തിൽ അപകടം: കൈവരി തകർത്ത് കായലിന് മുകളിൽ ലോറി തൂങ്ങിക്കിടക്കുന്നു


കൊച്ചി∙ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയെങ്കിലും ഒഴിവായത് വൻ ദുരന്തം. ഇന്നുച്ചയോടെയാണ് നിയന്ത്രണം വിട്ട ടിപ്പർ ലോറി തേവര-വില്ലിങ്ടൻ ഐലൻഡ് പാലത്തിന്റെ കോൺക്രീറ്റ് കൈവരി തകർത്ത് ഇടിച്ചു കയറിയത്. ലോറി ഇപ്പോഴും കായലിനു മുകളിൽ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയാണ്. ലോറിയുടെ എഞ്ചിന്‍ ഉൾപ്പെടെ മുൻഭാഗം കായലിലേക്കു വീഴുന്ന നിലയിലാണ്. അലക്സാണ്ടർ പറമ്പിത്തറ പാലത്തില്‍ കുടുങ്ങിക്കിടക്കുന്ന ലോറി സ്ഥലത്തു നീക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ലോറിയുടെ ഡ്രൈവർ വർക്കല സ്വദേശിയും ഇപ്പോൾ അരൂരിൽ താമസിക്കുന്ന ആളുമായ അനിൽ കുമാർ അദ്ഭുതകരമായി രക്ഷപെട്ടു.മാലിന്യ നീക്കത്തിനായി കൊച്ചി കോർപറേഷൻ കരാറിനെടുത്തിട്ടുള്ളതാണ് ലോറി. ഡ്രൈനേജ് കനാലിൽനിന്നുള്ള കളിമണ്ണും മറ്റ് മാലിന്യങ്ങളുമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കു പോവുകയായിരുന്നു ലോറി. ഇതിനിടെ, മറ്റൊരു ടാങ്കർ ലോറി മറികടക്കാൻ ശ്രമിച്ചെന്നും ഇതിനിടെ അതിന്റെ പിൻഭാഗം വന്ന് ലോറിയിൽ തട്ടിയെന്നും അനിൽ കുമാർ പറഞ്ഞു. ഇതോടെ ലോറി വെട്ടിച്ചു. തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരിയും ഇടിച്ചു തകർത്ത് നടപ്പാതയിലേക്കു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും പാലത്തിന്റെ വശത്തുനിന്നു പുറത്തേക്ക് തള്ളി, ക്യാബിൻ കായലിനു മുകളിൽ തൂങ്ങിനിൽക്കുന്ന അവസ്ഥയിലായി. വാഹനത്തിന്റെ പിൻഭാഗം പാലത്തിന്റെ നടപ്പാതയിലാണ് കുടുങ്ങിക്കിടന്നത്.


Source link

Back to top button