NEWS

വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, വർക്കല തീരങ്ങളിൽ പ്ലാസ്റ്റിക് പെല്ലറ്റ് ഭീഷണി രൂക്ഷം; മത്സ്യസമ്പത്തിനെ ബാധിക്കുന്നു


തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം അപകടത്തിൽപെട്ട ‘എംഎസ്‌സി എൽസ 3’ കപ്പലിൽനിന്നു കടലിൽ ഒഴുകിപ്പരന്ന പ്ലാസ്റ്റിക് പെല്ലറ്റുകൾ ജില്ലയുടെ തീരപ്രദേശങ്ങളിൽ വീണ്ടും കരയ്ക്കടിയുന്നു. വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, വർക്കല ഭാഗങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യം വലിയതോതിൽ കരയ്ക്കടിയുന്നതായി കണ്ടെത്തിയത്. സമുദ്ര പരിസ്ഥിതിക്ക് കടുത്ത ഭീഷണിയുയർത്തുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് മത്സ്യത്തൊഴിലാളികളും സമുദ്ര ഗവേഷണ-സംരക്ഷണ സംഘടനയായ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫും (എഫ്എംഎൽ) ആവശ്യപ്പെട്ടു. കപ്പൽ അപകടത്തെ തുടർന്ന് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി രൂക്ഷമായപ്പോൾ താൽക്കാലികമായി ഇവ നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. പിന്നീട് ഇത് പൂർണമായും നിലച്ചു. കപ്പൽ കമ്പനിയുടെയോ കോർപറേഷന്റെയോ ഭാഗത്തുനിന്നു മാലിന്യനീക്കത്തിന് ഇപ്പോൾ നടപടിയില്ല. ഒരു വർഷം മുൻപ് കടലിൽ കലർന്ന പ്ലാസ്റ്റിക് പെല്ലറ്റുകളിലെ തരികളുടെ വലുപ്പത്തിലും നിറത്തിലും ഇപ്പോൾ പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്ന് എഫ്എംഎൽ കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു. പ്ലാസ്റ്റിക് തരികൾ കടൽവെള്ളത്തിൽ അലിഞ്ഞു ചേരുന്നതിന്റെയോ അല്ലെങ്കിൽ അവയിൽ സൂക്ഷ്മജീവികൾ വളരുന്നതിന്റെയോ സൂചനയാണിത്. ഇത് സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു.


Source link

Back to top button