NEWS
ശബരിമലയിലെ അഷ്ടാഭിഷേകം: 10 വർഷത്തെ രേഖകള് 10 ദിവസത്തിനകം ഹാജരാക്കണം, കർശന നടപടിക്ക് ഹൈക്കോടതി

കൊച്ചി ∙ ശബരിമല ക്ഷേത്ര ഭരണത്തിലും അഷ്ടാഭിഷേകം അടക്കമുള്ള പൂജകളുടെ നടത്തിപ്പിലും സാമ്പത്തിക കാര്യങ്ങളിലും വൻ ക്രമക്കേടുകളും സുതാര്യതക്കുറവുമുള്ളതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം. കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം, മറ്റ് വഴിപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 10 ദിവസത്തിനകം ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. സുനിൽ സ്വാമി എന്ന സുനിൽ കുമാറോ മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ പൂർണ വിവരങ്ങളും അവയുടെ റജിസ്റ്ററുകൾ, രസീതുകൾ, സ്റ്റോക്ക് രേഖകൾ എന്നിവയും ഇതിനൊപ്പം സമർപ്പിക്കണം. ബോർഡിന്റെ മുൻകാല അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത സ്വതന്ത്ര ഓഡിറ്ററുടെയോ ബാഹ്യ ഏജൻസിയുടെയോ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളുടെ സോഫ്റ്റ് കോപ്പികളും ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന ഈ രേഖകൾ സ്വതന്ത്രമായി പരിശോധിച്ച് നിലവിലെ സാമ്പത്തിക നടത്തിപ്പ് രീതികൾ സുതാര്യവും കൃത്യവുമാണോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി. സാമ്പത്തിക ക്രമക്കേടുകളും പണം തട്ടിയെടുക്കലും തടയാൻ നിലവിലെ സംവിധാനത്തിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടോ എന്ന് ഈ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 19ന് പരിഗണിക്കും.ഈ വർഷം മേയ് 18ന് കോടതി പുറപ്പെടുവിച്ച ഉത്തരവിലും അഷ്ടാഭിഷേക പൂജകളുടെ നടത്തിപ്പ്, സാധനങ്ങൾ വാങ്ങിയ വകയിൽ തുക ഈടാക്കുന്ന രീതി എന്നിവയിലെ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അഷ്ടാഭിഷേകം ഒന്നിന് 300 രൂപ വീതം സപ്ലയർ ചെലവെന്ന പേരിൽ കൃത്യമായ ബില്ലുകളോ വൗച്ചറുകളോ പർച്ചേസ് രേഖകളോ ഇല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കൈപ്പറ്റുന്നു എന്നതായിരുന്നു പ്രധാന ആരോപണം. കൂടാതെ, സുനിൽ കുമാർ എന്ന സുനിൽ സ്വാമി എന്നയാൾ ക്ഷേത്രത്തിലേക്ക് പൂജാസാധനങ്ങൾ വിതരണം ചെയ്തതിലും ക്രമക്കേടുകളുണ്ട്. ഇയാൾ മാസപൂജകൾക്ക് ഏകദേശം 3,00,000 രൂപയുടെയും മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഏകദേശം 18,00,000 രൂപയുടെയും പൂജാസാധനങ്ങൾ വിതരണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. യാതൊരുവിധ സുതാര്യതയോ ആധികാരികതയോ സാമ്പത്തിക ഉത്തരവാദിത്തമോ ഇല്ലാതെ വർഷങ്ങളായി ഒരേ വ്യക്തിയിൽ നിന്ന് മാത്രം ഇങ്ങനെ സാധനങ്ങൾ സ്വീകരിക്കുന്നത് അഴിമതിക്കും ഭരണപരമായ ദുരുപയോഗത്തിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.വഴിപാട് സാധനങ്ങൾ പെട്ടെന്ന് കേടാകുന്നവ ആയതിനാൽ ബില്ലുകൾ വാങ്ങുന്നത് പ്രായോഗികമല്ലെന്നും ബോർഡ് നിശ്ചയിച്ച കൂട്ടായ തുക വിപണി നിരക്കിനേക്കാൾ കുറവായതിനാൽ ബില്ലുകൾ നിർബന്ധമില്ലെന്നുമുള്ള ദേവസ്വം ബോർഡിന്റെ വാദം പൊതു സാമ്പത്തിക ഭരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങൾ കേടാകുന്നവയാണെങ്കിൽ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതൽ ആയതിനാൽ കൃത്യമായി കണക്കുകള് രേഖപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. ആവശ്യമെങ്കിൽ ദിവസേനയുള്ള പർച്ചേസ് നടത്തി ബില്ലുകൾ കൃത്യസമയത്ത് സമർപ്പിക്കാനുള്ള ബദൽ സംവിധാനങ്ങൾ ബോർഡിന് ഉണ്ടാക്കാമായിരുന്നു. കൂടാതെ, നിലവിലെ കൂട്ടായ തുക വിപണി നിരക്കിനേക്കാൾ കുറവാണെന്നും ഫിനാൻഷ്യൽ കോഡ് അനുസരിച്ചാണെങ്കിൽ ചെലവ് കൂടുമെന്നുമുള്ള ബോർഡിന്റെ വാദം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. തുക പുതുക്കാൻ ശ്രമിക്കുന്നതിന് പകരം ബില്ലുകൾ പൂർണ്ണമായി ഒഴിവാക്കുന്നത് സാധനങ്ങളുടെ ഗുണനിലവാരത്തിലും അളവിലും സംശയങ്ങൾ ജനിപ്പിക്കുന്നു.
Source link


