NEWS
‘പാചകവാതകത്തിന് ഏറ്റവും വിലക്കുറവ് ഇന്ത്യയിൽ’: ന്യായീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടുംബങ്ങൾ പാചകവാതകത്തിന് വളരെ കുറഞ്ഞ തുകയാണ് നൽകുന്നതെന്ന അവകാശവാദവുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഞായറാഴ്ച മുതൽ ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രം വിശദീകരണവുമായി എത്തിയത്. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണു വില കൂട്ടുന്നത്. വില മാറ്റം ഇന്നു മുതൽ പ്രാബല്യത്തിലായി. ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരും. മാർച്ച് 7ന് 60 രൂപ വർധിപ്പിച്ചിരുന്നു.ഗാർഹിക ഉപഭോക്താക്കൾ നൽകേണ്ടി വരുന്ന വില നിയന്ത്രിക്കാൻ സർക്കാർ ഇപ്പോഴും ഇടപെടുന്നുണ്ടെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സിലിണ്ടറുകൾക്ക് സബ്സിഡി നൽകുന്നുണ്ട്. ഇതിന്റെ ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നില്ല. രാജ്യാന്തര തലത്തിൽ വില കുത്തനെ ഉയർന്ന സമയങ്ങളിലെല്ലാം ആ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാതെ സർക്കാർ തന്നെയാണ് ഏറ്റെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.പശ്ചിമേഷ്യൻ സംഘർഷത്തിനുശേഷമാണ് എൽപിജി വില കൂടിയത്. മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ ജനങ്ങളുടെ വാങ്ങൽ ശേഷിയെയോ കുടുംബങ്ങളുടെ വരുമാനത്തെയോ കണക്കിലെടുത്തിട്ടില്ല. ഇന്ത്യയിലെ ആളോഹരി വരുമാനവും വാങ്ങൽ ശേഷിയും താരതമ്യേന കുറവാണ്. അതിനാൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇന്ത്യൻ കുടുംബങ്ങൾക്ക് പാചകവാതകം ഇപ്പോഴും വലിയൊരു ചെലവാണ്.
Source link


