NEWS
രാജീവിനെ കഥാപാത്രമാക്കി ‘ഉണർത്തുപാട്ട്’; 55 ദിവസത്തെ പ്രചാരണം: തൊണ്ടപൊട്ടി ചോരവന്നു: മറയില്ലാതെ സലിംകുമാർ

എന്തും തുറന്നു പ്രതികരിക്കാൻ സലിംകുമാറിന് മടിയില്ലായിരുന്നു. ഇത്തരം പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും വിവാദവുമായിട്ടുണ്ട്. ഹാസ്യനടന് സംസ്ഥാന സർക്കാർ നൽകുന്ന ചലച്ചിത്ര പുരസ്കാരം നിർത്തലാക്കിയത് സലിംകുമാർ ശക്തമായി പ്രതികരിച്ചതോടെയാണ് . ‘മൂന്നാം നാൾ ഞായറാഴ്ച’ എന്ന സ്വന്തം ചിത്രം കാണുകപോലും ചെയ്യാതെ വിലയിരുത്തിയ ജൂറിക്കെതിരെ സലിം കേസിനുപോയ സംഭവമുണ്ട്. ചലച്ചിത്രനടന്മാർ പലരും സ്വന്തം രാഷ്ട്രീയ ചായ്‌വ് വെളിപ്പെടുത്താൻ വിസമ്മതിച്ചപ്പോൾ താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു. മാത്രമല്ല താൻ കെ.കരുണാകരന്റെ ആരാധകനാണെന്നും അദ്ദേഹം പറയുമായിരുന്നു. 10 വയസ്സുള്ളപ്പോൾതന്നെ കെ.കരുണാകരനു നോട്ടുമാലയിട്ട ആളാണ് സലിംകുമാർ. രാജൻസംഭവം വിവാദമായി കത്തിപ്പടരുന്ന കാലം. കരുണാകരനു കേസ് നടത്തുന്നതിനുള്ള പണപ്പിരിവു നടക്കുന്നു. പറവൂരിൽ സമ്മേളനസ്ഥലത്തെത്തിയ കരുണാകരന് സലിമിനെക്കൊണ്ടാണു മാലയിടീച്ചത്. പ്രസംഗം കേട്ട് കരുണാകരനോട് സലിമിന് ആരാധനയായി. പിൽക്കാലത്ത് സലിം അപകടം പറ്റി കിടന്നപ്പോൾ കരുണാകരൻ വിളിച്ച് ഏറെനേരം സംസാരിച്ചത് സന്തോഷത്തോടെ പറയാറുണ്ടായിരുന്നു സലിം. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിനെതിരെ സലിംകുമാർ ശക്തമായി പ്രതികരിച്ചിരുന്നു. ‘‘ചത്തവരോ ചത്തു, കൊന്നവനോ കൊന്നു. ഇനിയും ചാകാനും കൊല്ലാനും നടക്കുന്ന എന്റെ സഹോദരങ്ങളേ, നിങ്ങളെയൊക്കെ കേരള ജനത ധീര രക്തസാക്ഷികളായി വാഴ്ത്തും എന്നു കരുതരുത്. അവർക്കു നിങ്ങൾ നിനച്ചിരിക്കാതെ കിട്ടുന്ന ഒരു അവധിക്കുവേണ്ടിയുള്ള ബലിമൃഗങ്ങളാണ്’ എന്ന് വിളിച്ചുപറയാൻ അദ്ദേഹം മടിച്ചില്ല.
Source link


