SPORTS

രാജ്യാന്തര ക്രിക്കറ്റിൽ ഒടുവിൽ കളിച്ചത് 2024ൽ, അവസരങ്ങളില്ല: 32-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം


മുംബൈ∙ 32–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം കെ.എസ്. ഭരത്. രാജ്യത്തിനായി കളിക്കാൻ‍ സാധിച്ചത് വലിയ ആദരമാണെന്നും, ഒപ്പംനിന്ന കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും നന്ദി അറിയിക്കുന്നതായും ഭരത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പരിശീലക റോളിലേക്കു കടക്കാനാണു താൽപര്യമെന്നും ഭരത് വിരമിക്കൽ കുറിപ്പിന്റെ അവസാന ഭാഗത്തു സൂചിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രപ്രദേശിന്റെ താരമായ ഭരത്, 2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഒടുവിൽ കളിച്ചത്. 2026 ഐപിഎൽ താരലേലത്തിൽ ആരും വാങ്ങിയില്ല. ഇതോടെയാണ് വിരമിക്കൽ പ്രഖ്യാപനം. ആന്ധ്ര പ്രദേശിനായി കഴിഞ്ഞ രഞ്ജി ട്രോഫിയിലും താരം കളിച്ചിരുന്നു.‘‘അഭിമാനത്തോടെ ഞാന്‍ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. രാജ്യത്തിനായി കളിക്കാൻ സാധിച്ചത് എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ആദരമാണ്. നാല് അംഗങ്ങളുൾപ്പെടുന്ന ഞങ്ങളുടെ കുടുംബം കഴിഞ്ഞ 20 വർഷമായി ഒരു സ്വപ്നവുമായാണു ജീവിച്ചത്. എനിക്കു നൽകിയ പിന്തുണയ്ക്ക് സഹോദരിക്കും അച്ഛനും അമ്മയ്ക്കും നന്ദി അറിയിക്കുകയാണ്. അവരുടെ സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണു ഞാൻ.’’– ഭരത് കുറിച്ചു. വിരാട് കോലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ് എന്നീ താരങ്ങൾക്കു നന്ദി അറിയിക്കുന്നതായും ഭരത് പ്രതികരിച്ചു.


Source link

Back to top button