NEWS
ബംഗാളിൽ വിമതൻ പ്രതിപക്ഷനേതാവ്; രാജിവച്ച് കൊൽക്കത്ത മേയർ: തൃണമൂൽ പിളർപ്പിന്റെ വക്കിൽ

കൊൽക്കത്ത∙ പാർട്ടി വിട്ടുപോയ വിമതൻ പ്രതിപക്ഷ നേതാവായതോടെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ. 58 എംഎൽഎമാരുടെ പിന്തുണക്കത്തുമായെത്തിയ ഋതബ്രത ബാനർജിയെയാണ് സ്പീക്കർ രതീന്ദ്ര ബോസ് പ്രതിപക്ഷനേതാവായി അംഗീകരിച്ചത്. പ്രതിപക്ഷത്തിനായി നിയമസഭയിൽ അനുവദിച്ചിട്ടുള്ള മുറികളുടെ താക്കോലുകളും സ്പീക്കർ ഋതബ്രതയ്ക്ക് കൈമാറി. ശോഭൻദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവാക്കണമെന്ന മമതാ ബാനർജി പക്ഷത്തിന്റെ കത്ത് സ്പീക്കർ പരിഗണിച്ചില്ല. ആകെ 80 സീറ്റാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളത്. ഇതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ ഋതബ്രത നയിക്കുന്ന വിമതപക്ഷത്തിനായതിനാൽ തിരഞ്ഞെടുപ്പ് ചിഹ്നം വരെ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മമത ബാനർജിയും സംഘവും. യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളുടേതാണെന്നും മമതയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വം അംഗീകരിക്കാനാവില്ലെന്നും നേരത്തെ ഋതബ്രത വ്യക്തമാക്കിയിരുന്നു. ഋതബ്രതയും സംഘവും ഈ അവകാശവാദം ശക്തമാക്കിയാൽ മമത വെട്ടിലാകും. കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് രക്ഷപ്പെടാൻ ആവശ്യമായ പിന്തുണയും വിമതപക്ഷത്തിനുണ്ട്.അതിനിടെ, കൊൽക്കത്ത മേയറും മമതയുടെ അടുത്ത അനുയായിയുമായ ഫിർഹാദ് ഹക്കീം മേയർ സ്ഥാനത്തുനിന്ന് രാജിവച്ചതും മമതയ്ക്ക് കടുത്ത തിരിച്ചടിയായി. ഇന്ന് രാവിലെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും പോഷകസംഘടനകളും തൃണമൂൽ പിരിച്ചുവിട്ടിരുന്നു. അതേസമയം, പ്രതിപക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവായി മമത വരണമെന്ന് ആഗ്രഹിക്കുന്നതായി ഋതബ്രത ബാനർജി പറഞ്ഞു. എന്നാൽ 18ാം നിയമസഭയിൽ അഭിഷേക് ബാനർജിക്ക് യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്നും ഋതബ്രത വ്യക്തമാക്കിയിട്ടുണ്ട്.
Source link


