NEWS

രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: ഐസിയു ജീവനക്കാര്‍ക്കു ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി


തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ചികിത്സയ്ക്കിടയില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവത്തില്‍ ഓര്‍ത്തോ ഐസിയു ജീവനക്കാര്‍ക്കു ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. ഉടന്‍ ആരോഗ്യമന്ത്രിക്കു ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. രോഗിയെ പരിചരിക്കുന്നതില്‍ ജീവനക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളും അടങ്ങുന്ന വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്.  പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനില്‍ രാജേന്ദ്രപ്രസാദിന്റെ (61) കാലില്‍ പുഴുവരിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 28നു രാവിലെ പാരിപ്പള്ളി- മടത്തറ റോഡില്‍ ജവഹര്‍ ജംക്‌ഷനു സമീപമായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റ രാജേന്ദ്ര പ്രസാദിനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നു തിരുവന്തപുരത്തേക്കു റഫര്‍ ചെയ്തു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരുക്ക് ആയിരുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. രാത്രി അടിയന്തര ശസ്ത്രക്രിയ നടത്തി കാലില്‍ കമ്പികള്‍ ഇട്ടു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 5 ദിവസം ഐസിയുവില്‍ കിടന്ന ശേഷം കഴിഞ്ഞ ദിവസം ഇരുപതാം വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡില്‍ അഡ്മിറ്റായ ശേഷം മകന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.


Source link

Back to top button