NEWS
പ്രിയപ്പെട്ട സീന ടീച്ചർക്ക് അന്ത്യാഞ്ജലിയേകിയ സ്കൂൾ മുറ്റത്ത് പ്രവേശനോത്സവം ഒഴിവാക്കി കണിച്ചേരി എൽപിഎസ്

കൊല്ലം∙ പ്രിയപ്പെട്ട അധ്യാപികയുടെ ചേതനയറ്റ ശരീരം കണ്ട സ്കൂൾ മുറ്റത്ത് എങ്ങനെ അവർക്ക് തൊട്ടടുത്ത ദിവസം പ്രവേശനോത്സവത്തിന്റെ ആഘോഷപ്പകൽ തീർക്കാനാകും? തങ്ങൾക്കൊപ്പം ആഘോഷവേളയിൽ ഉണ്ടാകേണ്ടിയിരുന്ന പ്രിയപ്പെട്ട അധ്യാപികയുടെ വേർപാടിൽ വെൺപാലക്കര കണിച്ചേരി എൽപിഎസ് ഇത്തവണ പ്രവേശനോത്സവം ഒഴിവാക്കി. കുട്ടികളുടെ ഭാവിയെക്കരുതിയുള്ള നൂതന ആശയങ്ങളെ തന്റെ കലയും സ്വപ്നങ്ങളുമായി വിളക്കിച്ചേർത്ത പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു കണിച്ചേരി കുടുംബാംഗം കൂടിയായ അധ്യാപിക സീന മനു(52). അർബുദ രോഗബാധിതയായി ചികിത്സയിലായിരുന്നു. സ്കൂൾ പ്രവേശനോത്സവത്തിന്റെ തലേന്നാണ് സീന മരണത്തിന് കീഴടങ്ങിയത്. മൂന്നു പതിറ്റാണ്ടിലേറെയായി നെടുമൺകാവ്, കടയ്ക്കൽ, ഭരണിക്കാവ്, പട്ടത്താനം സ്കൂളുകളിൽ വിവിധ കാലങ്ങളിൽ അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ലോക്ഡൗൺ കാലത്ത് കണിച്ചേരി എൽപിഎസിലെ കുട്ടികൾക്കായി സീന ടീച്ചർ രചനയും സംവിധാനവും നടത്തി നിർമിച്ച ‘ശേഷിപ്പ്’ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. കഥ, കവിത, ചിത്രരചന, പാചകം, മാജിക് തുടങ്ങിയ പല രംഗങ്ങളിലും താൽപര്യമുണ്ടായിരുന്ന സീന ആ വഴികൾ കുട്ടികൾക്കു മുന്നിലും തെളിച്ചു കൊടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന വാട്സാപ്പ് കൂട്ടായ്മയായ ‘കിടുക്കാച്ചി ഗ്രൂപ്പ്’, ലോക്ഡൗൺ ദിനങ്ങളിൽ വിനോദവും വിജ്ഞാനവും ആത്മവിശ്വാസവും നിറയ്ക്കുന്ന പരിശീലന തന്ത്രങ്ങൾ ഉൾപ്പെടുത്തിയ ‘വെർച്വൽ ക്യാംപ്’ എന്നിവയും പ്രശംസ പിടിച്ചു പറ്റി. ചുവർച്ചിത്ര പഠനം പൂർത്തിയാക്കി നാഷനൽ സ്കിൽ ഇന്ത്യ മിഷന്റെ സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
Source link


