NEWS
‘ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്’, കേന്ദ്ര സർക്കാർ വിമർശനമില്ല; സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തുന്ന നയപ്രഖ്യാപനം

തിരുവനന്തപുരം ∙ സൗജന്യ കെഎസ്ആര്‍ടിസി യാത്രയ്ക്കു പുറമേ സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തുന്ന സര്‍ക്കാര്‍ നയങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉടനീളം പ്രതിഫലിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മാസത്തില്‍ 3 ദിവസം വരെ ആര്‍ത്തവ അവധിക്കൊപ്പം അവര്‍ പഠനത്തില്‍ പിന്നിലാകാതിരിക്കാന്‍ വാരാന്ത്യത്തില്‍ ക്യാച്ച് അപ്പ് ക്ലാസുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘മെന്‍സ്ട്രല്‍ ഡിഗ്നിറ്റി’ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗഹൃദപരമായ രീതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു തുല്യവേതനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമമുറികള്‍ ഒരുക്കും. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറു മാസത്തെ പ്രസവവാധിയും പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിനുകള്‍, പാദരക്ഷകള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഓരോ പഞ്ചായത്തിലും വനിതാ കര്‍ഷകരെ കണ്ടെത്തി അവര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ വനിതാ കര്‍ഷക കണ്‍സോര്‍ഷ്യം ആരംഭിക്കും. കോളജ് വിദ്യാര്‍ഥിനികള്‍ക്കു പ്രതിമാസം 1000 രൂപ വീതം വിദ്യാഭ്യാസ സഹായം നല്‍കും. ക്ഷേമപെന്‍ഷന്‍ പ്രതിമാസം 3000 രൂപയായി ഉയര്‍ത്തും. കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും എന്നീ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
Source link

