LIFESTYLE

‘കുഞ്ഞ് ജനിക്കുന്നതിന് മുൻപ് അവൾ പോയി’; തേങ്ങിക്കരഞ്ഞ് കുരുന്നുകൾ

വളർ‌ത്തുമൃഗങ്ങളെ മറ്റാരെക്കാളും അധികമായി സ്‌നേഹിക്കുന്നത് വീട്ടിലെ കുട്ടികളായിരിക്കും. കുഞ്ഞുങ്ങളും വളർത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം തെളിയിക്കുന്ന ധാരാളം സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ അരുമയായ വളർത്തുമുയലിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുന്ന നാല് കുരുന്നുകളാണ് സോഷ്യൽ മീഡിയയുടെ ഉള്ളുലയ്‌ക്കുന്നത്.

‘കുഞ്ഞ് ജനിക്കുന്നതിന് മുൻപ് അവൾ പോയി’ എന്ന് പറഞ്ഞ് തേങ്ങികരയുന്നാണ് ഒരു പെൺകുട്ടിയെയാണ് ആദ്യം കാണുന്നത്. പിന്നീട് ഓരോരുത്തരായി വളകാപ്പിനായി ഒരുക്കിയ അലങ്കാരങ്ങളോരോന്നായി അഴിച്ചെടുക്കുന്നത് കാണാം. ജീവനില്ലാതെ കിടക്കുന്ന തങ്ങളുടെ അരുമയായ മുയലിനെ നാലുപേരും ചേർന്ന് സംസ്‌കരിക്കുന്നു. മുയലിനെ അടക്കിയ സ്ഥലത്ത് പൂക്കളിടുമ്പോഴും കുരുന്നുകൾ തേങ്ങിക്കരയുന്നത് കാണാം. ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് കുട്ടികളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

പൂർണഗർഭിണിയായ മുയലമ്മയുടെ വളകാപ്പ് ആഘോഷിക്കുന്നതിന്റെ ത്രില്ലിലായിരുന്നു കുട്ടികൾ. അലങ്കാരപ്പണികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് മുയലിന് സുഖമില്ലെന്ന് മനസിലായത്. ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരമായപ്പോഴേക്കും ജീവൻ പോയെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്. ‘അത്രമേൽ പ്രിയപ്പെട്ടത് മൊട്ടുസൂചിയാണെങ്കിലും നഷ്‌ടപ്പെട്ടവർക്ക് വേദനിക്കും’ എന്നാണ് ഒരാൾ എഴുതിയത്.

‘കുട്ടിപ്പടയും വാലാട്ടുന്ന കൂട്ടുകാരും’ എന്നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടിന്റെ ബയോയിൽ നൽകിയിരിക്കുന്ന കാപ്‌ഷൻ. നിലവിൽ ഈ കുരുന്നുകൾക്ക് കൂട്ടിന് ഒരു നായക്കുട്ടനുണ്ട്. ആ കൂട്ടുകാരനൊപ്പമുള്ള വീഡിയോകളും അക്കൗണ്ടിൽ കാണാം. മുൻപ് വയ്യാതെകിട്ടിയ അണ്ണാൻകുഞ്ഞിനെ നാലുപേരും ചേർന്ന് സിപിആർ നൽകി രക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ വീട്ടിൽ ഓടിക്കളിക്കുന്ന അണ്ണാൻ കുഞ്ഞിന്റെ വിശേഷങ്ങളും കുരുന്നുകൾ തങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.



Source link

Back to top button