NEWS
വയനാട് കള്ളാടി പ്രദേശത്തെ മണ്ണിടിച്ചിൽ: മീനാക്ഷി പാലത്തിനു ബലക്ഷയമില്ലെന്നു പൊതുമരാമത്ത് വകുപ്പ്

കൽപറ്റ ∙ വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായ കള്ളാടി പ്രദേശത്തെ മീനാക്ഷി പാലത്തിനു ബലക്ഷയമില്ലെന്നു പൊതുമരാമത്ത് വകുപ്പ്. ദുരന്തത്തിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മീനാക്ഷി പാലത്തിൽ നേരിട്ടെത്തി ഘടനാപരമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് പാലത്തിനു ബലക്ഷയമോ വിള്ളലോ ഇല്ലെന്ന കണ്ടെത്തൽ. പാലം ഉടൻ നന്നാക്കി ഗതാഗതത്തിനായി തുറക്കും. ദുരന്തമേഖലയിലെ മണ്ണു നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട്് വിദഗ്ധ സമിതി ഈ ആഴ്ച തന്നെ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.കൈവരികളിൽ അറ്റകുറ്റപ്പണി നടത്തി എത്രയും വേഗം ഗതാഗതം ആരംഭിക്കാമെന്നാണു ശുപാർശ നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പിലെ പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ലിയ പറഞ്ഞു. മണ്ണിടിച്ചിലിൽ തകർന്ന കൈവരികൾ നന്നാക്കാനുള്ള പ്രാഥമിക നടപടികൾ ഉടൻ തുടങ്ങും. അതേസമയം, നിർമാണ മേഖലയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചു റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം ഡോ. ജൂഡ് ഇമ്മാനുവൽ കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ചു.
Fashion ⏭️


