NEWS
പൊലീസുകാരുമായി ബലപ്രയോഗം, ഗതാഗതതടസ്സം; സിപിഎം ജില്ലാ സെക്രട്ടറിയടക്കം 57 പേർക്കെതിരെ കേസ്

കോഴിക്കോട് ∙ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ കോട്ടൂളിയിലെ വീട്ടിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചിലിനിടെ വീടിനു മുന്നിലെ പൊതുറോഡിൽ മുദ്രാവാക്യം വിളിച്ച് മാർഗതടസ്സം ഉണ്ടാക്കിയതിന് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി.മോഹനൻ, എ.പ്രദീപ്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.നിഖിൽ, സി.പി.മുസാഫർ അഹമ്മദ് തുടങ്ങി 57 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവർക്കെതിരെ സ്വമേധയാ കേസ് എടുക്കുന്നതായാണ് മെഡിക്കൽ കോളജ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. റോഡിലും എംഎൽഎയുടെ വീടിനു മുന്നിലെ വഴിയിലും മുദ്രാവാക്യം വിളിച്ചെത്തുകയും ഡ്യൂട്ടിയിലുള്ള പൊലീസുകാരുമായി ബലപ്രയോഗം നടത്തുകയും റോഡിൽ കുത്തിയിരുന്ന് ഗതാഗത തടസം നടത്തിയതിനുമാണ് കേസ്. തിരച്ചിലിന് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് തടസ്സം സൃഷ്ടിക്കാൻ ഇവർ ശ്രമിച്ചതായും എഫ്ഐആറിലുണ്ട്. നിയമവിരുദ്ധമായി സംഘം ചേരുക, അക്രമത്തിന് ശ്രമിക്കുക തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ 189(2),189 (3),191 (2),190, 285 വകുപ്പുകൾ പ്രകാരമാണ് കേസ്.
Source link


