NEWS
അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം: പാളയം ഇമാം

തിരുവനന്തപുരം∙ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് വശത്തുനിന്നുണ്ടായാലും പരാജയപ്പെടുത്തണമെന്ന് ഈദ് ദിനസന്ദേശത്തിൽ പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി. സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന് ഇമാം എല്ലാവിധ പിന്തുണയും അറിയിച്ചു. ലഹരിയിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിദ്യാർഥി, യുവജനങ്ങളെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാകണമെന്നും സഹോദര സമുദായങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന രീതിയിലുള്ള പ്രചാരണം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഈദ് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.യുവാക്കളെ വിലകുറച്ച് കാണരുതെന്ന് പറഞ്ഞ ഇമാം, സിജെപിയെക്കുറിച്ചു പ്രസംഗത്തിൽ പരാമർശിച്ചു. യുവാക്കളെ പാറ്റകളോട് ഉപമിച്ചതിന്റെ തിരിച്ചടിയായി രാജ്യത്തു വലിയൊരു സാങ്കൽപിക രാഷ്ട്രീയ മുന്നേറ്റം നടക്കുന്ന സമയമാണിത്. നാല് ദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ സമൂഹമാധ്യമങ്ങളിൽ സിജെപി പിന്നിലാക്കിയെന്നും അദേഹം ചൂണ്ടിക്കാട്ടി. സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം. കുട്ടികൾ മൂല്യമുള്ളവരായിരിക്കണമെന്നും സംസ്കാരമുള്ള മക്കളായി വളരണമെന്നും സംസ്കാരമുള്ള ജനതയെ വളർത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും സുഹൈബ് മൗലവി പറഞ്ഞു.
Source link


