NEWS

ടോൾ വാങ്ങിക്കോളൂ, കുരുക്കിയിടാതെ കടത്തിവിട്ടുകൂടേ; പാലിയേക്കരയിൽ വാഹനക്കുരുക്ക്


പാലിയേക്കര ∙ ദേശീയപാതയിൽ അടിപ്പാത നിർമാണങ്ങളുടെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് താണ്ടിവരുന്ന വാഹനങ്ങൾ ടോൾ പ്ലാസയിലെ അനാവശ്യക്കുരുക്കിൽപെടുന്നതായി ആക്ഷേപം. ടോൾ പിരിവിന്റെ സാങ്കേതിക തകരാർ മൂലമാണ് വാഹനങ്ങൾക്ക് വരിയിൽ ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. വിഷയത്തിൽ ദേശീയപാത അതോറിറ്റിയും ജില്ലാ ഭരണകൂടവും ഉടൻ ഇടപെടണമെന്നാണ് ആവശ്യം. ടോൾ ബൂത്തിൽ വാഹനങ്ങൾ എത്തി നിർത്തിയ ശേഷം ഏതാനും സെക്കൻഡുകൾ, ചിലപ്പോൾ മിനിറ്റുകൾ പോലും കഴിഞ്ഞാണ് ഫാസ്ടാഗ് റീഡ് ചെയ്യുന്നത്. ടാഗ് റീഡിങ് തടസ്സപ്പെട്ടുവോയെന്ന് യാത്രക്കാരന് ആശങ്ക ജനിപ്പിക്കുംവിധം തടഞ്ഞിടുന്നുവെന്നാണ് ആക്ഷേപം. സെക്കൻഡുകൾക്കു ശേഷം തനിയെ റീഡാകും. ചിലത് റീഡ് ആകാതെ വരുമ്പോൾ ഹാൻഡ് റീഡർ കൊണ്ടുവന്നാണ് റീഡ് ചെയ്യിക്കുന്നത്. അങ്ങനെ വന്നാൽ മിനിറ്റുകളെടുക്കും ടോൾ ബൂത്ത് പിന്നിടാൻ.ഫാസ്ടാഗ് റീഡ് ചെയ്യപ്പെട്ടില്ലെങ്കിൽ ജീവനക്കാരുമായി തർക്കിക്കേണ്ട സ്ഥിതിയും യാത്രക്കാർക്കുണ്ടാകും. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. 12 ട്രാക്കുകളിലും ടാഗ് റീഡിങ് പ്രശ്‌നമുണ്ടാകുമ്പോൾ ടോൾ പ്ലാസയിലെ ടോൾ പിരിവ് തന്നെ മന്ദഗതിയിലാകുന്നു. ഇവിടെ ഗതാഗതക്കുരുക്കിനു കാരണമായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നതും ഈ സാങ്കേതിക പ്രശ്‌നമാണ്. പന്നിയങ്കര ഉൾപ്പെടെ മറ്റു ടോൾ പ്ലാസകളിൽ ഈ പ്രശ്‌നമില്ലെന്നും നേരിയ സമയത്തിനുള്ളിൽ ടാഗ് റീഡാകുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. 20 കിലോമീറ്റർ വേഗത്തിൽ ടോൾ ബൂത്തിലൂടെ കടന്നുപോകുമ്പോൾ ഫാസ്ടാഗ് റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് റീഡ് ആകുമെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. പാലിയേക്കരയിൽ ഈ സ്ഥിതിയല്ല ഇപ്പോൾ.


Source link

Back to top button