CINEMA

‘അമ്മയെയും ചേച്ചിമാരെയും പോലും പറഞ്ഞു, എന്റെ കരിയറിനെ ബാധിച്ചു, ഇനി എന്ത് ചെയ്യണമെന്നറിയില്ല’

തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടൻ മാധവ് സുരേഷ്. താൻ അഭിനയിച്ച ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിനെതിരെ ഹേറ്റ് ക്യാമ്പയ്‌ൻ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി കൂടിയായ പിതാവ് സുരേഷ് ഗോപിയുടെ രാഷ്‌‌ട്രീയമാണോ തനിക്കെതിരെ ഇത്രയും സൈബർ ആക്രമണമുണ്ടാകാൻ കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.

‘എന്റെ സിനിമയെ മാത്രമല്ല, പലരും കഷ്‌ടപ്പെട്ട് എടുക്കുന്ന സിനിമയെ ഒരു കാരണവുമില്ലാതെ കാശ് വാങ്ങിയോ എങ്ങനെയാണെന്നറിയില്ല ഭയങ്കരമായി അവഹേളിക്കുന്നുണ്ട്. അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. നെഗറ്റീവും പോസിറ്റീവും പറയാം. പക്ഷേ പൂർണമായും അടിച്ചമർത്തരുത്.

ഞാനൊരു വലിയ നടനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഈ മേഖലയിൽ പഠിച്ചുവരുന്നതേയുള്ളു. അങ്ങനെയുള്ള എന്റെ സിനിമയെ പോലും സെൻസില്ലാത്ത രീതിയിലാണ് പറയുന്നത്. അത് എന്നെ മാത്രമല്ല ബാധിക്കുന്നതെന്ന് ചിന്തിക്കണം. സ്വന്തം കാശ് മുടക്കി സിനിമയെടുത്ത പ്രൊഡ്യൂസറെയും ഡയറക്‌ടറെയും കൂടെയാണ്. കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല. എന്നോടുള്ള ഇഷ്‌ടക്കുറവുകൊണ്ട് മറ്റൊരാളുടെ കഷ്‌ടപ്പാടിനെ ഇല്ലാതാക്കരുത്.

എന്റെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകൾ നോക്കണം. എന്റെ അച്ഛനെയും അമ്മയെയും ചേച്ചിമാരെയും പോലും പറയുന്നുണ്ട്. എനിക്കൊരു രാഷ്ട്രീയ പാർട്ടിയുമായും ഇഷ്‌ടക്കൂടുതലില്ല. നല്ല വ്യക്തികൾ ഏത് പാർട്ടിയിൽ വന്നാലും അവരെ ഞാൻ സപ്പോർട്ട് ചെയ്യും. എനിക്കെന്റെ സംസ്ഥാനവും എന്റെ രാജ്യവുമാണ് വലുത്. ഞാനൊരു സാധാരണ പൗരനാണ്. എനിക്കെന്റെ നാട് നന്നായാൽ മതി. അച്ഛന്റെ പാർട്ടിയുമായി ചേർത്തുവച്ച് എന്നെ പറയാൻ തുടങ്ങി. അതെന്റെ കരിയറിനെ പോലും ബാധിച്ചു. ജോലി ചെയ്‌ത് മര്യാദയ്‌ക്ക് ജീവിച്ചുപോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇനി എന്ത് ചെയ്യണമെന്നറിയില്ല’ – മാധവ് സുരേഷ് പറഞ്ഞു.


Source link

Back to top button