‘ഏറ്റവും മോശം കാലത്തിനായി നമ്മൾ തയ്യാറായിരിക്കണം’, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അനന്തരഫലം ഇന്ത്യയെ ബാധിക്കുമെന്ന് വ്യവസായ ഭീമൻ

മുംബയ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവിലയുൾപ്പടെ വർദ്ധിക്കാനും സാമ്പത്തിക ആഘാതമുണ്ടാകാനും ഇടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്ത് അഞ്ച് രൂപയെങ്കിലും പെട്രോൾ ഡീസൽ വില ഉയരുമെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. 1000 രൂപയോളം വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വിലകൂട്ടി. ഇതിനിടെ ഇപ്പോഴിതാ ഏറ്റവും മോശം കാലത്തിന് വേണ്ടി തയ്യാറാകാൻ രാജ്യത്തെ ജനങ്ങൾക്ക് ആഹ്വാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബിസിനസ് ഭീമനും കൊടക്-മഹീന്ദ്ര ബാങ്ക് സ്ഥാപകനുമായ ഉദയ് കൊടക്. കോൺഫഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്‌ട്രിയുടെ (സിഐഐ) ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഉദയ് കൊടക് മുന്നറിയിപ്പ് നൽകിയത്. ആഗോള അന്തരീക്ഷം കൂടുതൽ തകർന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ രാജ്യങ്ങളും അവരുടെ തന്ത്രപരമായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുകയാണെന്നും ഇന്ത്യയും അത് ചെയ്യണമെന്നുമാണ് കൊടക് പറയുന്നത്. കമ്പനികൾ മൂന്ന് മുതൽ അഞ്ച് വർഷം വരെ ദീർഘകാല കാഴ്‌ചപ്പാടോടെ ബിസിനസ് ചെയ്യുന്നതിന് പകരം ത്രൈമാസ വരുമാനം, ഓഹരി വിലകൾ, ജീവനക്കാരുടെ സ്റ്റോക് ഓപ്‌ഷൻ നേട്ടമുണ്ടോ എന്നെല്ലാമാണ് നോക്കുന്നത്. സർക്കാരുകൾ വ്യവസായങ്ങൾക്ക് മൂലധനം അനുവദിക്കുന്നതിൽ പൊതുവെ മോശമാണ്. നിലവിൽ നൽകുന്ന നികുതി ആനുകൂല്യങ്ങളെ മാത്രം ആശ്രയിക്കാതെ അധിക നിക്ഷേപ അലവൻസുകൾ വഴി പുതിയ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രദ്ധ വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുകയും കയറ്റുമതി കൂട്ടുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും വേണമെന്നും ഉദയ് കൊടക് പറയുന്നു.
Source link


