എട്ടിൽ ഏഴും പിടിച്ച് ജോസഫ് ഗ്രൂപ്പ്: സംപൂജ്യരായി മാണി ഗ്രൂപ്പ്

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ കേരള കോൺഗ്രസ് കരുത്ത് പരീക്ഷിക്കപ്പെട്ട തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് മിന്നും വിജയം. മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടത്തും വിജയിച്ച് ജോസഫ് വിഭാഗം ആധിപത്യം ഉറപ്പിച്ചപ്പോൾ, മാണി വിഭാഗം സംപൂജ്യരായി. മത്സരിച്ച 12 സീറ്റുകളിൽ ഒരിടത്ത് പോലും കേരള കോൺഗ്രസ് (എം) വിജയിച്ചില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിലും മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലും വൻ പരാജയമേറ്റുവാങ്ങി.അതേ സമയം, ജോസഫ് വിഭാഗത്തിൽ കാഞ്ഞങ്ങാട് മത്സരിച്ച ഷൈജി ഓട്ടപ്പള്ളി മാത്രമാണ് പരാജയപ്പെട്ടത്. തൊടുപുഴയിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ മകൻ അപു ജോൺ ജോസഫ് നാല്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, തിരുവല്ലയിൽ അഡ്വ. വർഗീസ് മാമ്മൻ, ചങ്ങനാശേരിയിൽ വിനു ജോബ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, കുട്ടനാട്ടിൽ റെജി ചെറിയാൻ എന്നിവരും വൻ വിജയം നേടി. ഇതിൽ തോമസ് ഉണ്ണിയാടനും മോൻസുമൊഴികെയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.2021ൽ പാർട്ടി 10 സീറ്റുകളിൽ മത്സരിച്ചെങ്കിലും തൊടുപുഴയിൽ പി.ജെ. ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മാത്രമാണ് വിജയിച്ചത്. ഇത്തവണ രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. ജോസഫ് വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് (എം) കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഭേദപ്പെട്ട വിജയം നേടിയിരുന്നു. 2021ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ചിടത്താണ് ജയിച്ചത്. 2016ൽ യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴും അഞ്ചിടത്ത് ജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുന്നണി മാറ്റ വാർത്തകൾ തള്ളി ഇടതുപക്ഷത്ത് ഉറച്ചുനിന്ന ജോസ് കെ. മാണിക്കും പാർട്ടിക്കും ഈ പരാജയം വലിയ തിരിച്ചടിയാണ്. പിറവത്ത് മാത്രം മത്സരിച്ച കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ് വിജയിച്ചപ്പോൾ, കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി. ഗണേശ് കുമാറുംതോൽവിയുടെ രുചിയറിഞ്ഞു.
Source link


