NATIIONAL
ഔട്ടായതിനു പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്; പുക ഊതിവിടുന്ന ദൃശ്യങ്ങൾ പുറത്ത്, വിവാദം– വിഡിയോ

മുല്ലൻപുർ ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വീണ്ടും വിവാദത്തിൽ. ഇത്തവണ ക്യാപ്റ്റൻ റിയാൻ പരാഗ് തന്നെയാണ് വിവാദ‘നായകൻ’. ഡ്രസിങ് റൂമിനുള്ളിൽ റിയാൻ പരാഗ് വേപ് (ഇ–സിഗരറ്റ്) ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ന്യൂ ചണ്ഡിഗഡിൽ നടന്ന രാജസ്ഥാൻ റോയൽസ്– പഞ്ചാബ് കിങ്സ് മത്സരത്തിനിടെയാണ് സംഭവം. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസിങ് റൂമിനുള്ളിലെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ വേപ് എന്നു തോന്നിക്കുന്ന ഒരു വസ്തു പരാഗ് കൈവശം വച്ചിരിക്കുന്നത് കണ്ടത്. പരാഗ് ഇതു സാവധാനം വലിക്കുന്നതും പുക പുറത്തേയ്ക്കു ഊതി വിടുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിക്കുകയും പരാഗിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു. സഞ്ജു സാംസന്റെ പിൻഗാമിയായി രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ക്യാപ്റ്റനായ 24 വയസ്സുകാരനായ പരാഗ്, നായകനെന്ന നിലയിൽ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ വിവാദവും ഉയരുന്നത്. 9 ഇന്നിങ്സുകളിൽനിന്ന് വെറും 117 റൺസ് മാത്രം നേടിയ താരത്തിന്റെ ക്യാപ്റ്റൻസിക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. കൗമാരതാരം വൈഭവ് സൂര്യവംശി, പേസർ ജോഫ്ര ആർച്ചർ തുടങ്ങിയവരുടെ മിന്നും ഫോമിന്റെ കരുത്തിലാണ് രാജസ്ഥാൻ ആറു മത്സരങ്ങൾ ജയിച്ച് മൂന്നാം സ്ഥാനത്തെത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിൽ ആറു വിക്കറ്റിനാണ് രാജസ്ഥാൻ ജയിച്ചത്. സീസണിൽ പഞ്ചാബിനെ തോൽപ്പിക്കുന്ന ആദ്യ ടീമായും രാജസ്ഥാൻ മാറി.∙ എന്താണ് വേപ്/ വേപ്പിങ്? സിഗരറ്റ് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതിന് പകരം, ഒരു ഉപകരണം ഉപയോഗിച്ച് ഒരു ദ്രാവകത്തെ ചൂടാക്കി അത് ആവിയാക്കി (Vapor) ശ്വസിക്കുന്ന രീതിയാണിത്. ഈ ആവി ശ്വസിക്കുന്നതിനെയാണ് ‘വേപ്പിങ്’ എന്ന് വിളിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ‘വേപ്’. ഇ-സിഗരറ്റ്, ഇ-ഹുക്ക, വേപ് പെൻ എന്നിവയെല്ലാം ഒരേ വിഭാഗത്തിൽ വരുന്നവയാണ്. ഇതിനുള്ളിലെ ബാറ്ററിയും ഹീറ്ററും ഉപയോഗിച്ച് ദ്രാവകത്തെ ചൂടാക്കുന്നു. ഇതിൽ നിക്കോട്ടിൻ, ഫ്ലേവറുകൾ, മറ്റു രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം. 2019ൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ ഉത്പാദനം, നിർമാണം, ഇറക്കുമതി, കയറ്റുമതി, വിൽപന, വിതരണം, പരസ്യം എന്നിവ കുറ്റകരമാണ്.
Source link


