വിധി വീൽചെയറിലിരുത്തിയിട്ടും മനസ് തളർന്നില്ല; 42ാം വയസിൽ ബിരുദ വിദ്യാർത്ഥിനി, പിഎസ്‌സി പട്ടികയിലും ഇടംപിടിച്ചു

കൊല്ലം: തളർന്നുപോയത് കാലുകൾ മാത്രമാണെന്നും മനസുണ്ടെങ്കിൽ ആകാശത്തോളം വളരാമെന്നും തെളിയിക്കുകയാണ് സജിത ബഷീർകുട്ടി (42). കണ്ണനല്ലൂർ പാങ്കോണം ചരുവിള വീട്ടിൽ ബഷീർകുട്ടിയുടെയും സുബൈദ ബീവിയുടെയും മൂന്ന് മക്കളിൽ ഇളയവളായ സജിതയെ രണ്ടര വയസു പിന്നിട്ടപ്പോൾ വിധി വീൽചെയറിലിരുത്തി. പക്ഷേ മനക്കരുത്തിന്റെ കൈപിടിച്ച് അവൾ സ്വപ്നനങ്ങൾ കീഴടക്കിയപ്പോൾ വിധി പോലും പകച്ചു നിന്നു. മുഖം കോടി. കൈകാലുകൾ ശോഷിച്ചു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അരയ്ക്ക് മുകളിലേക്ക് ഏറെക്കുറെ ഭേദപ്പെട്ടു. നിവർന്നുനിൽക്കാൻ പോലുമാകാത്ത ശാരീരികാവസ്ഥയിലും സജിത തോറ്റില്ല. ആറാം വയസിൽ അക്ഷരം പഠിച്ചുതുടങ്ങി. സ്കൂൾ വരാന്തകളും ക്ലാസ് മുറികളും അന്ന് അന്യമായിരുന്നുവെങ്കിലും പിന്നീട് സാക്ഷരത മിഷനിലൂടെ 4,7,10, പ്ളസ് ടു പരീക്ഷകൾ വിജയിച്ചു. തുടർന്നാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ ബിരുദ കോഴ്സിന് ചേർന്നത്. ഓൺലൈനായി പി.എസ്.സി പരിശീലനം നടത്തുന്ന സജിത എൽ.ജി.എസ് സപ്ളിമെന്ററി ലിസ്റ്റിലുണ്ട്.
Source link


