test del 5 copy of del 3
ഷിവാസ് റീഗൽ, അബ്‍സല്യൂട്ട് വോഡ‍്‍ക ബ്രാൻഡുകളുടെ ഇന്ത്യയിലെ ‘മുതലാളി’യാകാം, ഓഹരി വിൽപനയ്ക്കൊരുങ്ങി ഫ്രഞ്ച് കമ്പനി

ഷിവാസ് റീഗൽ, അബ്‍സല്യൂട്ട് വോഡ‍്‍ക തുടങ്ങിയ മദ്യ ബ്രാൻഡുകൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനി ‘പെർണോർഡ് റിക്കാർഡ് സൗത്ത് ഏഷ്യ’ ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ). കമ്പനിയുടെ ഇന്ത്യൻ ബിസിനസിലെ ഓഹരികൾ വിപണിയിൽ എത്തിക്കാനുള്ള നടപടി തുടങ്ങി. എത്ര രൂപയാണ് കമ്പനി സമാഹരിക്കുന്നതെന്നത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല. ഐപിഒയ്ക്ക് വേണ്ടി പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സിനെ ഉപദേശകരായി നിയമിച്ചെന്നാണ് വിവരം. സിറിൽ മംഗൾദാസ് അമർചന്ദിനെ നിയമ ഉപദേശകരായും നിയമിച്ചിട്ടുണ്ട്. എന്നാൽ ഐപിഒ നീക്കം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ ഇന്ത്യൻ ബിസിനസ് 11 ശതമാനം വളർച്ച നേടിയെന്നാണ് കണക്ക്. തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച് 6 ശതമാനവും നേട്ടമുണ്ടാക്കിയെന്നും കമ്പനിയുടെ രാജ്യാന്തര ബിസിനസ് അപ്ഡേറ്റിൽ പറയുന്നു. അടുത്തിടെയായി ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്യാൻ വിദേശ കമ്പനികൾ കൂടുതലായി തയാറാകുന്നുണ്ട്. പെർണോഡ് ഐപിഒ കൂടി സാധ്യമായാൽ ഈ പട്ടികയിലേക്ക് മറ്റൊരു വമ്പൻ കമ്പനി കൂടി ചേരും. അടുത്തിടെയാണ് രാജ്യാന്തര ബ്രാൻഡുകളായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ എന്നിവർ ഐപിഒയ്ക്ക് ഇറങ്ങിയത്. മികച്ച പ്രതികരണം ഇവയ്ക്ക് ലഭിക്കുകയും ചെയ്തു. 2025 കലണ്ടർ വർഷത്തിൽ 2,200 കോടി ഡോളറാണ് (ഏകദേശം രണ്ടു ലക്ഷം കോടി രൂപ) വിവിധ കമ്പനികൾ ഐപിഒയിലൂടെ സമാഹരിച്ചതെന്നാണ് ബ്ലൂംബെർഗ് കണക്ക്. ഇക്കൊല്ലം ഇതുവരെ 290 കോടി ഡോളർ (ഏകദേശം 26,000 കോടി രൂപ) സമാഹരിച്ചെന്നും കണക്കുകൾ പറയുന്നു.
Source link


